ആരോഗ്യവകുപ്പില്‍ കോടികളുടെ ക്രമക്കേട് ; ഓഡിറ്റിംഗ് നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, September 9, 2020

 

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്‍റെ മറവില്‍ ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കോടികളുടെ ക്രമക്കേടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടന്നതെന്നും ഇത്തരം ചെലവുകളെ സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശുവായി മാറി. കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മറ്റു സാധനസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപടാണ് ആരോഗ്യവകുപ്പില്‍ നടന്നത്. ഇതുവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവാക്കിയെന്ന വ്യക്തമായ കണക്ക് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ സുതാര്യതയില്ലാത്തതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചൂ അത് എന്തിനെല്ലാം ചെലവാക്കി തുടങ്ങിയ കാര്യങ്ങളും കേരള സര്‍ക്കാര്‍ വിശദീകരിക്കണം. കെ.എം.എസ്.സി.എല്‍ വഴി സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍ തുകയാണ് ചെലവാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിപിഇ കിറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് ഭീമമായ തിരിമറി നടന്നെന്ന് സര്‍ക്കാര്‍ രേഖകളില്‍ തന്നെ വ്യക്തമാണ്. പിപിഇ കിറ്റ് ഒന്നിന് 350 രൂപ വിലയുള്ളപ്പോള്‍ 1550 രൂപവരെ ചെലവാക്കിയാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഈ ഇടപാടുകള്‍ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പിപിഇ കിറ്റും മാസ്‌കും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയത്.ഒരു സ്വകാര്യ കമ്പനിയില്‍ നിന്നും 1550 രൂപയ്ക്ക് 50000 കിറ്റുകളാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇതിന്റെ ചെലവ് 7.75 കോടിയാണ്. കിറ്റ് ഒന്നിന് 350 രൂപ നിരക്കില്‍ 1.75 കോടി രൂപയ്ക്ക് തീര്‍ക്കേണ്ട ഇടപടാണ് സര്‍ക്കാര്‍ ഖജനാവിന് 6 കോടിരൂപയുടെ നഷ്ടം സര്‍ക്കാര്‍ വരുത്തിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി

തുടര്‍ന്ന് ഇതേ കമ്പനിയില്‍ നിന്നും കൂടുതല്‍ പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും വാങ്ങി. എന്‍95 മാസ്‌ക് 160 രൂപ നിരക്കിലാണ് ഇതേ കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ വാങ്ങിയത്. ഇത്ര ഉയര്‍ന്ന നിരക്കില്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ വങ്ങിക്കൂട്ടി.ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററിന് വിപണിയില്‍ 1500 മുതല്‍ 2500 രൂപയ്ക്ക് വരെ ലഭ്യമാകുമ്പോള്‍ സര്‍ക്കാര്‍ 6000 രൂപ നിരക്കിലാണ് വാങ്ങിയത്.ഇത് അഴിമതിയുടെ ഒരറ്റം മാത്രമാണ്. ഇതുപോലെ കോടിക്കണക്കിന് രൂപയാണ് കോവിഡിന്റെ മറവില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞു കൊണ്ട് ക്രമക്കേട് നടന്നത്. സ്വന്തം വകുപ്പില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകളെ ആരോഗ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നതാണോ അതോ ഇതൊന്നും അറിയാതെ നടക്കുന്നതാണോയെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് രോഗവ്യാപനത്തിന് കാരണം വാങ്ങിക്കൂട്ടി പിപിഇ കിറ്റുകളുടെ ഗുണനിലവാരക്കുറവാണ്.ഇത് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ പട്ടികയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.ഈ വിഷയത്തിലെ ഐഎംഎയുടെ ആശങ്ക പരിഹരിക്കാനോ ആരോഗ്യപ്രവര്‍ത്തക്കിടയിലെ രോഗവ്യാപനം തടയുന്നതിനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പൂര്‍ണ്ണമായും പാളി. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 50000 ആക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ 20000 ടെസ്റ്റുകള്‍ മാത്രമാണ് പ്രതിദിനം നടക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്‍റെ 108 ആംബുലന്‍സ് സര്‍വീസ് കരാറിലും വ്യാപകമായ ക്രമക്കേടുണ്ട്. കരാര്‍ നല്‍കിയപ്പോഴുള്ള പ്രധാന വ്യവസ്ഥകളൊന്നും കമ്പനി പാലിക്കുന്നില്ല. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ലൈഫ് സേവിങ് എക്യുപ്‌മെന്‍സ്,മരുന്നു ഉള്‍പ്പെടെ ആംബുലന്‍സില്‍ ലഭ്യമാക്കുമെന്ന ഉറപ്പിന്‍മേലാണ് കിലോമീറ്ററിന് 224 രൂപ നിരക്കില്‍ 315 ആംബുലന്‍സിന് കരാര്‍ നല്‍കിയിരുന്നത്.എന്നാല്‍ കരാര്‍ എടുത്ത കമ്പനി ഇത്തരം വ്യവസ്ഥകള്‍ പാലിക്കുന്നില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവിധിപ്പേര്‍ക്ക് ഈ മേഖലയില്‍ പിന്‍വാതില്‍ നിയമനം നല്‍കി. ഇത്തരക്കാരെ ഒഴിവാക്കിയിരുന്നെ്കില്‍ ആറന്‍മുളയില്‍ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവം ഉണ്ടാകുമായിരുന്നില്ല.സ്വകാര്യ ആംബുലന്‍സുകള്‍ കിലോ മിറ്ററിന് 20 രൂപ നിരക്കില്‍ ഓടുമ്പോഴാണ് ഇത്ര ഉയര്‍ന്ന നിരക്ക് നല്‍കിയിട്ടും ഒരു സുരക്ഷിതത്വവും 108 ആംബുലന്‍സിലില്ലാത്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.