മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ല, ഇ.പി. ജയരാജൻ മുന്നണിയെ വഞ്ചിച്ചു; സിപിഐയിൽ രൂക്ഷവിമർശനം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടരുന്ന സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം. സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങിയതിന്‍റെ അപകടമാണ് തിരഞ്ഞെടുപ്പ് പരാജയമെന്ന് കൗൺസിൽ. ഇ.പി. ജയരാജൻ ഇടതു മുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മുന്നണിയെ വഞ്ചിക്കുന്ന സമീപനം കൈക്കൊണ്ടുവെന്നും വിമർശനം. നവകേരളസദസ് ദയനീയ പരാജയമെന്ന വിമർശനവുമുയർന്നു. തൃശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിന് കത്ത് നൽകണമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിച്ചില്ലെങ്കിലും അംഗങ്ങൾ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു. സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങിയതിന്‍റെ അപകടമാണ് തിരഞ്ഞെടുപ്പ് പരാജയമെന്ന് കൗൺസിലിൽ വിമർശനം ഉയർന്നു. പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നും സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും കൗൺസിൽ അംഗങ്ങൾ വിമർശിച്ചു.  മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വേണ്ട നടപടി സിപിഎം ചെയ്യട്ടെ എന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇ.പി. ജയരാജൻ മുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. മുന്നണിയെ വഞ്ചിക്കുന്ന സമീപനമാണ് ഇ.പി. നടത്തിയതെന്നും അദേഹത്തെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്‍റെ പിടിപ്പുകേടെന്നും അംഗങ്ങൾ വിമർശനമുയർത്തി.

ആർ. ലതാദേവി, മാങ്കോട് രാധാകൃഷ്ണൻ എന്നിവരാണ് ഇ.പിക്കെതിരെ ആഞ്ഞടിച്ചത്. സർക്കാരിന്‍റെ മുൻഗണനകൾ പിഴച്ചതും അതുമൂലം ക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണ് തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചതെന്നാണ് സംസ്ഥാന കൗൺസിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നവകേരളസദസ് ദയനീയ പരാജയമെന്ന
വിമർശനവുമുണ്ടായി. നവകേരള സദസിനെക്കാൾ എൽഡിഎഫ് ഒരു ജാഥ നടത്തിയിരുന്നുവെങ്കിൽ പ്രയോജനം ഉണ്ടാകുമായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സിപിഐ മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. തൃശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിന് കത്ത് നൽകണമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

Comments (0)
Add Comment