പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല

Jaihind Webdesk
Thursday, January 10, 2019

Alappuzha-Tourism

പ്രതിസന്ധികളിൽ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായി ഹർത്താലും പണിമുടക്കും . കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടണും അമേരിക്കയും.ഇത് വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാക്കും എന്ന ആശങ്കയിലാണ് ഈ രംഗത്തുള്ളവർ.

സെപ്റ്റംബറിൽ ആരംഭിച്ച് മാർച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസൺ . നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയെ പിടിച്ചു നിർത്തുന്നത്. പ്രളയത്തിൽ ആകെ തളർന്നെങ്കിലും കുട്ടനാട് വളരെ വേഗം പ്രതിസന്ധികളെ അതിജീവിച്ചു. കഴിഞ്ഞ മാസം മുതൽ സഞ്ചാരികളുടെ വരവ് വദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധികൾ ടൂറിസം മേഖലയ്ക്ക ഭീഷണിയാവുന്നത്.

സർക്കാർ ഇടപെടണമെന്നാണ് ടൂറിസം മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്. അറുപതിനായിരം മുതൽ എൺപതിനായിരം വരെ വിദേശവിനോദ സഞ്ചാരികളും മൂന്ന് ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികളുമാണ് പ്രതിവർഷം ആലപ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ നാല് വർഷമായി വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഇല്ലെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൻ ഒരു ലക്ഷത്തിലധികം വർദ്ധനവാണ് 2017 -ൽ ഉണ്ടായത്.

നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാടിന് ഹർത്താലും പണിമുടക്കുകളും കേരളത്തിലെത്തുന്നവർ ജാഗ്രത പാലിക്കണെമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പുകളും നൽകുന്ന ആശങ്ക ചെറുതല്ല.