ശർക്കരയുടെ ലഭ്യത കുറവ്; ശബരിമലയിലെ അപ്പം അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്; ബദൽ മാർഗം തേടി ദേവസ്വം ബോർഡ്

ശർക്കരയുടെ ലഭ്യത കുറവ് മൂലം ശബരിമലയിലെ അപ്പം അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. ഭക്തർക്ക് ആവശ്യമായത് നൽകാൻ ബദൽ മാർഗം തേടിയിരിക്കുകയാണ് ദേവസ്വം ബോർഡ്.

ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർ ഏറ്റവും അധികം വാങ്ങിക്കുന്നതാണ് അപ്പവും അരവണയും. ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന ശ്രോതസ്സും അരവണ വിൽപ്പന തന്നെയാണ്. എന്നാൽ ഈ മണ്ഡല മകരവിളക്ക് കാലത്ത് അപ്പം അരവണ നിർമ്മാണത്തിനാവശ്യമായ 25 ലക്ഷം ടൺ ശർക്കര എത്തിക്കാൻ കരാർ നൽകിയത് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനായിരുന്നു.

എന്നാൽ മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കം കാരണം കരാർ ഏറ്റെടുത്ത കമ്പനിക്ക് ആവശ്യമായ ശർക്കര എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ദേവസ്വം ബോർഡ് ലോക്കൽ പർച്ചേസിംഗിന് നിർബന്ധിതരായത്

സ്ഥാനമൊഴിഞ്ഞ എ.പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ഭരണസമിതിയാണ് മഹാരാഷ്ട്രയിലെ കമ്പനിക്ക് കരാർ കൊടുത്തത്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ആവശ്യമായ ശർക്കര എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപ്പത്തിന്‍റെയും, അരവണയുടെയും നിർമ്മാണം നിലയ്ക്കുമെന്നുറപ്പാണ്. അതിനെ മറികടക്കാനാണ് അടിയന്തരമായി ബദൽ മാർഗം തേടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദേവസ്വം ബോർഡിന്‍റെ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാതെ നോക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഭരണസമിതിക്ക് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുകയാണെങ്കിൽ അരവണയുടെയും അപ്പത്തിന്‍റെയും വിതരണം വർധിക്കും അതിന് മുൻപായി ആവശ്യമായ സ്റ്റോക്ക് ഉത്പാദിപ്പിക്കാനുള്ള തത്രപ്പാടിലാണ് ദേവസ്വം ബോർഡ്.

https://youtu.be/ZJj3YSvsDJM

SabarimalaAravanaAppam
Comments (0)
Add Comment