മോന്‍സനുമായുള്ള ബന്ധം : ഡിജിപിയുടെ മൊഴിയെടുത്തു

Jaihind Webdesk
Tuesday, October 26, 2021

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കൽ തട്ടിപ്പ് കേസിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ  മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഒരു തട്ടിപ്പ് കേസിൽ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. അനിൽകാന്ത് ഡിജിപിയായിതിന് ശേഷം മോൻസൻ മാവുങ്കൽ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. മോൻസൻ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോൻസൻ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടും ഈ സമയത്തുണ്ടായിരുന്നു.

അനിൽകാന്തും മോൻസനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനിൽകാന്തിൽ നിന്നും വിശദീകരണം നൽകിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേർ സന്ദർശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയിൽ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നൽകിയത്. അതിനിടെ ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട പൊലീസ് ക്ലബിലും മോൻസന് ആതിഥേയത്യം നൽകിയിരുന്നു.

രണ്ടുപ്രാവശ്യം ഐജി ലക്ഷമണയുടെ അതിഥിയായി വിഐപി റൂമിൽ മോൻസന്‍ തങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഐജി ലക്ഷണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.