കണ്ണൂർ : പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും, സിനോഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിൻ്റെ ഭാഗമായി മൻസൂറിൻ്റെ ബന്ധുക്കളുടെയും അക്രമത്തിന് ദൃക്സാക്ഷികളായവരുടെയും മൊഴി രേഖപ്പെടുത്തും.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. 11 പ്രതികളെ തിരിച്ചറിഞ്ഞതായി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക. കോടതി റിമാൻഡ് ചെയ്ത പ്രതി സിനോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ അന്വേഷണ സംഘം തലശേരി കോടതിയിൽ ഇന്ന് സമർപ്പിക്കും. അന്വേഷണ സംഘം യോഗം ചേർന്നായിരിക്കും ഇതു സംബന്ധിച്ച തീരുമാനം എടുക്കുക.
സിനോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിൽ പങ്കുള്ളവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭ്യമാകും. 11 പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കണ്ടാൽ അറിയാവുന്ന മറ്റ് 14 പേർക്ക് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായും സിനോഷിൻ്റെ റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. മുഹ്സിന് നേരെ അക്രമം നടക്കുന്ന വേളയിൽ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അക്രമത്തിന് സാക്ഷികളായ മൻസൂറിൻ്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. അതേ സമയം മൻസൂറിൻ്റെ കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്ന സുഹൈലിനെ പിടികൂടാത്തതിൽ യുഡിഎഫ് പ്രവർത്തകർക്ക് ഇടയിൽ പ്രതിഷേധം ശക്തമാവുകയാണ്.