ബാലഭാസ്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് കലാഭവന്‍ സോബിയുടെ മൊഴി രേഖപ്പെടുത്തുന്നു

Jaihind Webdesk
Wednesday, June 5, 2019

ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയുടെ മൊഴി രേഖപ്പെടുത്തുന്നു. അപകടസ്ഥലത്ത് അസ്വാഭാവികമായ കാര്യങ്ങൾ കണ്ടുവെന്ന വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്. അതേസമയം ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു

അപകടം നടന്ന സ്ഥലം വഴി കടന്നുപോകവെ രണ്ട് പേരെ കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തലാണ് നിർണായകമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സോബിയുടെ മൊഴി രേഖപ്പെടുത്തുന്നത്. സ്വർണക്കടത്തു കേസിൽ ബാലഭാസ്‌കറിന്‍റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് പുതിയ വെളിപ്പെടുത്തലുകളും അന്വേഷണവും ആരംഭിച്ചത്. അപകടസമയത്ത് കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ ലക്ഷ്മിയും ഡ്രൈവർ അർജുനും നേരത്തെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. ഡ്രൈവർ അർജുൻ തന്നെയാണ് കാറോടിച്ചതെന്ന് ഇന്നലെ ലക്ഷ്മി ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു. ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. നേരത്തെ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ആദ്യം നൽകിയ മൊഴിയിൽ തന്നെ ലക്ഷ്മി ഉറച്ചുനിന്നു.

‘അപകടമുണ്ടായ ഇന്നോവ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയായിരുന്നു. ബാലഭാസ്‌കർ പിറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോൾ തന്നെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. അത്യാവശ്യം ധരിക്കുന്ന സ്വർണാഭരണങ്ങൾ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആർക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ല. ഡ്രൈവർ അർജുന്‍റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിന് പണം നൽകിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു’ – ലക്ഷ്മി മൊഴി നൽകി. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പി ബാലഭാസ്കറിന്‍റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നൽകിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നൽകി.