ജയില്‍ ഫോണ്‍വിളി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം

Jaihind Webdesk
Friday, July 12, 2019

ജയിലുകളിലെ ഫോൺവിളി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ജയിൽ മേധാവിയുടെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 21 കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക.

കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്നും ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്. ഈ സാഹചര്യത്തിൽ ജയിലിലെ ഫോൺ വിളി സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കത്ത് നൽകിയിരുന്നു.

ടി.പി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരടക്കമുള്ളവർ ജയിലിൽ നിന്ന് ഫോൺ വിളിക്കുകയും കൊടി സുനി ക്വട്ടേഷൻ എടുക്കുകയും ചെയ്ത വിവരം പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഋഷിരാജ് സിംഗ് ഡി.ജി.പിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത സിം കാർഡുകൾ ആരുടെ ഉടമസ്ഥതയിലുള്ളതാണ്, ഈ സിം കാർഡുകൾ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്, ആരൊക്കെയാണ് ഫോണുകൾ ഉപയോഗിച്ചിരിക്കുന്നത്, പ്രമാദമായ കേസുകളിലുള്ള ആരെങ്കിലും ജയിലിൽ നിന്ന് ഫോൺ വിളിച്ചിട്ടുണ്ടോ, ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ക്വട്ടേഷന്‍ എടുക്കുകയും ചെയ്തെന്ന വാർത്ത ശരിയാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ഡി.ജി.പിക്ക് ഋഷിരാജ് സിംഗ് അയച്ച കത്തിലെ പ്രധാന ആവശ്യം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപിച്ചുകൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്.

ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല. ഉടൻ തന്നെ അന്വേഷണ സംഘം രൂപീകരിക്കും. ഇതിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരേയും ലോക്കൽ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയുള്ള അന്വേഷണ സംഘത്തെയാകും രൂപീകരിക്കുക. രണ്ട് എസ്.പിമാരുടെ നേതൃത്വത്തിൽ 4 ഡി.വൈ.എസ്.പിമാരടങ്ങിയ സംഘമാകും രൂപീകരിക്കുന്നതെന്നാണ് സൂചന.