പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, June 18, 2019

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് കോടതി നിർദേശിച്ചത്. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

നിലവിലെ അന്വേഷണവുമായി സഹകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.  എന്നാൽ പോസ്റ്റൽ ബാലറ്റിനൊപ്പമുളള ഡിക്ലറേഷൻ അന്വേഷണസംഘത്തിന് കൈമാറണോ എന്ന കാര്യത്തിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും. ഹർജി മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. പോലിസ് അസോസിയേഷൻ നേതാക്കൾ ഇടപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾ ഉദ്യോഗസ്ഥരിൽ നിന്ന് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.