മരട് ഫ്ലാറ്റ് കേസ്: കെട്ടിട നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു

കൊച്ചി മരടിലെ ഫ്ലാറ്റ് കേസില്‍ കെട്ടിട നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു.നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും. അതിനിടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ മൂവാറ്റ്പുഴ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.

കെട്ടിട നിർമ്മാതാക്കളുടെ ഭൂമി, ആസ്തി വകകള്‍ എന്നിവ കണ്ടുകെട്ടാന്‍ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഫ്ലാറ്റുടമകൾ പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഗോള്‍ഡന്‍ കായലോരം നിർമ്മാതാവിനെതിരെ സ്വമേധയാ കേസ് എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിര്‍മിച്ചത് അന്നത്തെ പഞ്ചായത്ത് അധികൃതരുമായി ഗൂഢാലോചന നടത്തിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.പെര്‍മിറ്റ് നല്‍കിയത് നിയമവിരുദ്ധമായാണെന്നും ഫ്‌ളാറ്റിന്‍റെ നിര്‍മാണം തീരദേശപരിപാലന നിയമം ലംഘിച്ചാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്ത മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയറാമിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനും തീരുമാനമായിട്ടുണ്ട്.ആല്‍ഫാ വെഞ്ചേഴ്‌സ് എംഡി പോള്‍രാജിനെയും ജെയിന്‍ ഹൗസിംഗ് ഉടമ സന്ദീപ് മേത്തയെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് വിവരം. ഇരുവർക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെടും.

അതേ സമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ്, ഹോളിഫെയ്ത്ത് കമ്പനി ഉടമ സാനീ ഫ്രാന്‍സിസ് എന്നിവരാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തത്. അഴിമതി നിരോധനനിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Marad Flat
Comments (0)
Add Comment