തിരുവനന്തപുരം : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉമ്മൻചാണ്ടിയെയും യുഡിഎഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് സർക്കാർ.
ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ സോളാർ കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. തുടർന്നാണ് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്ക് വിടുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു.
പരാതിയില്‍ ആരോപിക്കുന്ന 2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പൊലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, എന്നിവരെ ചോദ്യം ചെയ്തതിന്‍റെയും പരാതിക്കാരിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ടെലിഫോൺ രേഖകൾ സർവീസ് പ്രൊവൈഡർമാരോട് ചോദിച്ചെങ്കിലും ഏഴ് വർഷമായതിനാൽ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിയിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസ് തുടർ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് ശുപാർശ ചെയ്യുന്നുവെന്നും ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ കേസ് രാഷ്ട്രിയപ്രേരിതമായി കെട്ടിചമച്ചതാണെന്ന് ബോധ്യമായി.