ബിനാമി പേരില്‍ ഭൂമി ; ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ബിനാമി പേരിൽ ഭൂമി സമ്പാദിച്ചു എന്ന പരാതിയിലാണ് അന്വേഷണം. ബിനാമി നിയമ പ്രകാരം അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

ഡി.ജി.പി ജേക്കബ് തോമസ് ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്ന് കാണിച്ച് പൊതുപ്രവർത്തകനായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018 ഒക്ടോബറിലാണ് ജേക്കബ് തോമസിന് എതിരെ സർക്കാരിന് മുന്നിൽ പരാതി എത്തിയത്. ഈ പരാതി അന്വേഷണത്തിനായി ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഡി.ജി.പിയുടെ നിർദേശപ്രകരം പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ജേക്കബ് തോമസിനെതിരെ ബിനാമി നിയമപ്രകാരം അന്വേഷണം വേണമെന്ന ശുപാർശയോടെ റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. ഈ മാസം 31 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ ദീർഘകാലമായി സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസിന് അടുത്തിടെയാണ് സർക്കാർ നിയമനം നൽകിയത്. സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യാഗസ്ഥനാണെങ്കിലും അപ്രധാനമായ സ്റ്റീൽ ആന്‍റ് മെറ്റൽ എം.ഡിയായാണ് ജേക്കബ് തോമസിന് നിയമനം നൽകിയത്.

മൂന്നാം  തവണയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം വരുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുന്നവർ’ എന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

dgpjacob thomas
Comments (0)
Add Comment