പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച ക്രമക്കേടിലെ അന്വേഷണം അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ നീക്കമെന്ന് ആരോപണം ഉയരുന്നു. ബാലറ്റ് സംബന്ധിച്ച് പരാതി ഉള്ളവര്‍ ഇന്ന് അഞ്ച് മണിക്ക് മുമ്പ് അതത് യൂണിറ്റ് മേധാവികളെ ബോധിപ്പിക്കണം. എന്നാല്‍ ഇതു സംബന്ധച്ച് പരാതികള്‍ ബോധിപ്പിക്കാന്‍ പരിമിതമായ സമയമാണ് ക്രൈംബ്രാഞ്ച് നല്‍കിയിട്ടുള്ളതെന്നും ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നുമുള്ള ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.
പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം സംബന്ധിച്ച സമഗ്ര അന്വേഷണഗ ക്രൈംബ്രാഞ്ച് തന്നെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നുവെന്ന വാദമാണ് സേനയ്ക്കുള്ളില്‍ നിന്നും ഇമപ്പാള്‍ ഉയരുന്നത്. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച പരാതികള്‍ ഇന്ന് അഞ്ച് മണിക്ക് മുമ്പായി അതത് യൂണിറ്റ് മേധാവികളെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി ശ്രീജിത്തിന്റെ നിര്‍ദ്ദേശം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഈ നിര്‍ദ്ദേശമടങ്ങുന്ന വയര്‍ലെസ് മെസേജ് വിവിധിയിടങ്ങളിലേക്ക് നല്‍കിയത്. എന്നാല്‍ തൃശ്ശൂര്‍ പൂരമടക്കമുള്ള പരിപാടികള്‍ നടക്കുന്നതിനാല്‍ സേനാംഗങ്ങളില്‍ വലിയ വിഭാഗത്തിന്് ഇന്ന് ക്രമസമാധാന ജോലി നിര്‍വ്വഹിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ബാലറ്റ് സംബന്ധിച്ച് പരാതികള്‍ ബോധിപ്പിക്കാനുള്ള സമയപരിധി പരിമിതമാണെന്ന വാദമുയര്‍ന്നിട്ടും ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. വിഷയത്തില്‍ പരാതി രേഖപ്പെടുത്താന്‍ പല ഉദ്യോഗസ്ഥരും ഭയം മൂലം മുന്നോട്ട് വരാതിരിക്കുന്നതിനിടെയാണ് സമയം പരിമിതമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ നോക്കുന്നത്. വിവാദം അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി സുദര്‍ശനനാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിന്‍റെ ചുമതലയുള്ളത്. കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടാത്ത സംഭവത്തിലും ഇന്ന് മൊഴി എടുക്കും. നിലവില്‍ ലഭിക്കുന്ന പരാതികള്‍ ചേര്‍ത്താവും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ ഇന്ന് അഞ്ചിനകം പരാതികള്‍ ലഭിച്ചില്ലെങ്കില്‍ പൊലീസിലെ പോസ്റ്റ്ല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണം ഇതോടെ ഇല്ലാതാവുന്ന അവസ്ഥയാവും സംജാതമാവുക.