ഇഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ; ജനശ്രദ്ധ തിരിക്കാനുള്ള നീക്കവുമായി സർക്കാർ

 

കൊച്ചി : തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള നീക്കവുമായി സർക്കാർ. സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കെതിരെ കള്ളമൊഴി കൊടുക്കാൻ ഭീഷണിപ്പെടുത്തിയെന്ന് കേസ്. നിയമപരമായി നേരിടുമെന്ന് ഇഡിയും വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നിലവിൽ കേസെടുത്തത്. ഇവർക്കെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കാൻ നിർണായകമായി എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നായിരുന്നു മൊഴി. തന്നെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും സ്വപ്ന പറയുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ
സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും സമാന ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വാക്ക് തന്നതായും കോടതിക്ക് അയച്ച കത്തില്‍ സരിത്തും പറഞ്ഞിരുന്നു. പ്രതികളുടെ മൊഴികളെല്ലാം പരിശോധിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സർക്കാർ നിലപാട്. അതേസമയം ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് ഇ.ഡിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അന്വേഷണ സംഘങ്ങളുമായി നേരിട്ട് ഏറ്റുമുട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സർക്കാർ നീക്കത്തിൻ്റെ ഭാഗമായാണ് നിലവിലെ നടപടി എന്നാണ് നിയമ വിദഗ്ദരുടെ നിഗമനം.

Comments (0)
Add Comment