ലോകകപ്പ് ആവേശത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍

ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടിൽ ഇന്ന് തുടക്കമാകും. ആതിഥേയരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് ക്രിക്കറ്റിന്‍റെ തറവാട്ടിലെ ആദ്യ മത്സരം. ഓവലിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടം.

ഏകദിന ക്രിക്കറ്റിലെ പുതിയ കിരീടാവകാശികളെ തേടിയുളള പോരാട്ടത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ റൗണ്ട് റോബിൻ ടൂർണമെന്‍റാണെന്നതാണ് ഇത്തവണത്തെ സവിശേഷത. ആകെ 48 മത്സരങ്ങളാണുളളത്. പത്ത് ടീമുകളിലെ മികച്ച നാല് സ്ഥാനക്കാർ സെമിയിൽ കടക്കും. ജൂലൈ 14നാണ് കലാശപ്പോരാട്ടം.

ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഈ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. അഫ്ഗാനിസ്ഥാന് ഇത് രണ്ടാം ലോകകപ്പ് മാത്രമാണ്. അഞ്ച് തവണ ചാമ്പ്യൻമാരായ ഓസീസ് ഇക്കുറിയും സാധ്യതകളുടെ പട്ടികയിൽ ഒന്നാമത് തന്നെയാണ്. പന്ത് ചുരണ്ടലിൽ അടർന്നുപോയ ആത്മവിശ്വാസം തിരിച്ചുപിടിച്ച് പൂര്‍വാധികം ശക്തിയോടെയാണ് ഓസീസ് തിരിച്ചെത്തിയിരിക്കുന്നത്. വിലക്ക് കഴിഞ്ഞെത്തിയ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മികച്ച ഫോമിലാണ്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, പേസർ മിച്ചൽ സ്റ്റാർക്, സ്പിന്നർ ആദം സാംബ എന്നിവർ ചേരുമ്പോൾ ഈ ലോകകപ്പിലും ഓസീസ് അപകടകാരികളാകും.

രണ്ട് തവണ കിരീടം നേടിയ ഇന്ത്യക്ക് ഇക്കുറി ഏറ്റവും മികച്ച സംഘമാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ, മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, ലോക ഒന്നാം നമ്പർ പേസർ ജസ്പ്രീത് ബുംറ എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷ. സന്നാഹ മത്സരത്തിലെ മങ്ങിയ പ്രകടനം ബാറ്റ്‌സ്മാൻമാർ തിരുത്തുമെന്നാണ് പ്രതീക്ഷ.

ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടിന് ഇക്കുറി എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. ജോണി ബെയർസ്‌റ്റോ, ജാസൺ റോയ്, ജോസ് ബട്‌ലർ, ജോ റൂട്ട്, ആദിൽ റഷീദ്, മൊയീൻ അലി തുടങ്ങി വൻ നിരയുണ്ട് ഇംഗ്ലണ്ടിന്.

ലോകകപ്പിൽ എക്കാലത്തും സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാറുള്ള ന്യൂസിലൻഡിനും ലോകകപ്പ് പ്രതീക്ഷകളുടേതാണ്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന്‍റെ നിരാശ മായ്ക്കണം ന്യൂസിലൻഡിന്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മുന്നിൽനിന്ന് നയിക്കും. റോസ് ടെയ്‌ലർ, മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ജിമ്മി നീഷം, ട്രെന്‍റ് ബോൾട്ട് തുടങ്ങിയ മികച്ച താരങ്ങളാണ് കിവീസ് ടീമിലുള്ളത്.

മികച്ച പേസ് നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം കന്നിക്കിരീടമാണ്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, ഹാഷിം അംല എന്നിവരുൾപ്പെട്ടതാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര. റബാദ, ഡെയ്ൽ സ്‌റ്റെയ്ൻ, എന്നിവർ പേസ് നിരയിലും ഇമ്രാൻ താഹിറിന്‍റെ സ്പിൻ ബൗളിംഗും  നിർണായകമാകും.

സർഫ്രാസ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാനും പ്രതീക്ഷയിലാണ്. ഫാഖർ സമാനും മുഹമ്മദ് ഹഫീസും ഇമാം ഉൾ ഹഖും ബാബർ അസമുമൊക്കെ മുൻ ചാമ്പ്യൻമാരുടെ പ്രതീക്ഷകൾക്ക് നിറംപകരുന്നു. കൂറ്റനടിക്കാരുടെ സംഘമായ വിൻഡീസ് ഇക്കുറി അത്ഭുതം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ക്രിസ് ഗെയ്‌ലും ആന്ദ്രേ റസലും വിൻഡീസിന്‍റെ കുതിപ്പിന് വേഗത പകരും. 1996ലെ ചാമ്പ്യൻമാരായ ശ്രീലങ്ക ഇക്കുറി തളർച്ചയിലാണ്. ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും മാത്രമാണ് ലങ്കൻ നിരയിലെ പരിചയ സമ്പന്നർ. ബംഗ്ലാദേശ് സെമിയാണ് ലക്ഷ്യമിടുന്നത്. അട്ടിമറികൾ നടത്താൻ അഫ്ഗാന് കഴിയുമോ എന്ന് കണ്ടറിയണം.

world cup cricket
Comments (0)
Add Comment