കോട്ടയത്തും ക്രിക്കറ്റ് സ്‌റ്റേഡിയം; CMS കോളേജ് ഗ്രൗണ്ട് KCA ഏറ്റെടുത്തു

Jaihind News Bureau
Thursday, March 6, 2025

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു.. കേരളത്തിന്റെ കലാലയ മുത്തശ്ശിയായ സിഎംഎസ് കോളേജിലെ ഗ്രൗണ്ട്- കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്ത് നവീകരിക്കും. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം കെസിഎയും സിഎംഎസ് കോളേജും ഒപ്പുവെച്ചു.

അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കോട്ടയത്ത് സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങള്‍ ആയിട്ടാകും സ്റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാവുക. പവലിയന്‍, ഇന്‍ഡോര്‍- ഔട്ട് ഡോര്‍ പ്രാക്ടീസ് സംവിധാനം, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ ആദ്യ ഘട്ടത്തിലും, ഫ്‌ലഡ് ലൈറ്റ് സംവിധാനം ഉള്‍പ്പെടെ ഉള്ളവ രണ്ടാം ഘട്ടത്തിലും പണി പൂര്‍ത്തിയാകും. സ്റ്റേഡിയം പണിയുന്നത് സംബന്ധിച്ചുള്ള ധാരണ പത്രം ഇന്ന് സിഎംഎസ് കോളേജില്‍ നടന്ന ചടങ്ങില്‍ കെസിഎയുടെയും – സിഎംഎസ് കോളേജിന്റെയും അധികൃതര്‍ ചേര്‍ന്ന് ഒപ്പുവെച്ചു..

18 മാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ക്ക് കോട്ടയം വേദിയാകും എന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

ഈ പദ്ധതിയുടെ ചെലവ് മൊത്തം 14 കോടി രൂപയാണ്. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാറാണ് ഇന്ന് കെസിഎയും സിഎംഎസ് കോളേജും തമ്മില്‍ ഒപ്പുവെച്ചതെന്ന് കോളേജ് മാനേജറും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു. ഈ ഏപ്രില്‍ അവസാനം പണി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും എന്ന രീതിയിലാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, സിഎസ്‌ഐ- മധ്യ കേരള മഹാഇടവക ക്ലെര്‍ജി സെക്രട്ടറി റവ. അനിയന്‍ കെ പോള്‍, സി എം എസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അഞ്ജു സൂസന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ: റീനു ജേക്കബ് തുടങ്ങിയവര്‍ ഇന്ന് സി എം എസ് കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.