എൻഡിഎയിൽ അസ്വാരസ്യം; ഇഫ്താറിൽ‌ പങ്കെടുക്കാതെ ജെഡിയുവും ബിജെപിയും

Jaihind Webdesk
Monday, June 3, 2019

ബീഹാറിൽ ജെഡിയുവും ബിജെപിയും തമ്മിൽ ഉടലെടുത്ത അസ്വാരസ്യം രൂക്ഷമാകുന്നു. ബിജെപി-ജെഡിയു നേതാക്കള്‍ അന്യോന്യം ഇഫ്താര്‍ വിരുന്നുകള്‍ ബഹിഷ്കരിച്ചു. ജെഡിയു സംഘടിപ്പിച്ച ഇഫ്‌താർ പാർട്ടിയിൽനിന്നു ബിജെപി നേതാക്കൾ വിട്ടുനിന്നു. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ജെഡിയു നേതാക്കളും പങ്കെടുത്തില്ല.

നേരത്തെ കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കി പാര്‍ട്ടിയെ ‘ഒതുക്കാന്‍’ ശ്രമിച്ച ബിജെപിയ്ക്ക് മന്ത്രിസഭാ വികസനത്തില്‍ ‘പണികൊടുത്ത്’ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരം നല്‍കിയിരുന്നു. 8 പുതിയ ജെഡിയു അംഗങ്ങളെയാണ് നിതീഷ് പുതുതായി മന്ത്രിസഭയിലേയ്ക്കെടുത്തത്. ബിജെപിയ്ക്കായി ഒരു മന്ത്രിസ്ഥാനം മാത്രമാണ് മന്ത്രിസഭയില്‍ അദ്ദേഹം ഒഴിച്ചിട്ടത്. ആരു മന്ത്രിയാകുമെന്നു ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളു വരുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ മോദി അറിയിച്ചു.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഹജ് ഭവനില്‍ ജെഡിയു ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നു. എന്നാല്‍ ഒരു ബിജെപി നേതാക്കളും വിരുന്നില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തില്ല.

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ജെഡിയു നേതാക്കളും പങ്കെടുത്തില്ല.

കേന്ദ്രമന്ത്രിസഭയിൽ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയതിൽ നിതീഷും പാർട്ടിയും പ്രതിഷേധം അറിയിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഇനി ഭാഗമാവില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണു ജെഡിയു. ഭാവിയിലും മന്ത്രിസഭയില്‍ ചേരേണ്ടെന്നാണു തീരുമാനമെന്നു ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു. പ്രശ്നപരിഹാരത്തിനു മുന്നോട്ടുവച്ച നിര്‍ദേശം സ്വീകാര്യമല്ല. മന്ത്രിസഭയില്‍ ചേരേണ്ടെന്ന തീരുമാനം അന്തിമമാണെന്നും ത്യാഗി വ്യക്തമാക്കി.