‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം ; സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലാത്ത നിലപാട്’: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, March 19, 2021

 

തിരുവനന്തപുരം : ശബരിമലയിൽ ആത്മാർത്ഥതയില്ലാത്ത നിലപാടാണ് സിപിഎമ്മിന്‍റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാരും എൽഡിഎഫ് സർക്കാരും നൽകിയ സത്യവാങ്മൂലത്തിന്‍റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു .

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ശബരിമലയിൽ ആവിഷ്കരിച്ച വികസന പദ്ധതികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എണ്ണി പറഞ്ഞു. വിശ്വാസികളുടെ പേരിൽ ചിലർ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ശബരിമല വിവാദ ഭൂമിയാക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇടതു സർക്കാർ സത്യവാങ്മൂലം മാറ്റി നൽകിയില്ലായിരുന്നെങ്കിൽ സുപ്രീം കോടതി വിധിപോലും മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.