സിപിഎമ്മിന്‍റെ ബാഗ് നാടകവും പൊളിഞ്ഞു; തുടരന്വേഷണം വേണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

 

പാലക്കാട്: നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. നീല ട്രോളി ബാഗിൽ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു.

എന്നാല്‍ സിപിഎം പോലീസിന് നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണെന്നും ഈ അന്വേഷണ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കാം. ഒരു തെളിവും ഇല്ലാതെ വാക്കാലുള്ള പരാതിയുടെ മേല്‍ മാത്രമാണ് പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നത്. ആ പരിശോധനയില്‍ സിപിഎമ്മിന്‍റെ കള്ളകളിയാണ് മറനീക്കി പുറത്ത് വന്നത്.

വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയതെന്ന് പോലീസ് പറയുന്നു. പിന്നീട് സിപിഎം നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിലും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സിപിഎമ്മിന്‍റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

രാത്രി 12.10ന് സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എഎസ്പി അശ്വതി ജി.ജി. പരിശോധനക്കു ശേഷം അറിയിച്ചിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പോലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സംഭവം ഉപതിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതേ വിഷയം ഒടുവിൽ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലാകുകയാണ്.

Comments (0)
Add Comment