സിപിഎം മലക്കം മറിഞ്ഞ് ബദൽ രേഖയിലെത്തി; കെ സുധാകരൻ എംപി

തിരുവനന്തപുരം: ഏകവ്യക്തി നിയമം നടപ്പാക്കരുതെന്നു ശക്തമായ നിലപാടെടുത്ത മതേതര ന്യൂനപക്ഷ ജനാധിപത്യ പാര്‍ട്ടിയായ മുസ്ലീംലീഗിനെയും ക്രിസ്ത്യന്‍ ന്യൂനപക്ഷ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ എടുക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എംവി രാഘവനെ സിപിഎം പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സമ്മതിക്കുമോയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

അന്ന് ഏകവ്യക്തിനിയമത്തിനുവേണ്ടി നിലകൊണ്ട സിപിഎം അത് ഉള്‍ക്കൊള്ളാതെ രാഘവനെ പുറത്താക്കി. സിഎംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായതുപോലും സിപിഎമ്മിന്റെ ഏകവ്യക്തി നിയമത്തിനുവേണ്ടിയുള്ള അന്ധമായ നിലപാട് മൂലമാണ്. നാലു ദശാബ്ദത്തിനുശേഷം ഏകവ്യക്തി നിയമത്തിനെതിരേ വീറോടെ വാദിക്കുന്ന സിപിഎമ്മിന് വിവേകം വൈകി ഉദിച്ചപ്പോള്‍, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും നിയമസഭയിലിട്ടു വരെ ചവിട്ടിക്കൂട്ടുകയും ചെയ്ത നെറികേടുകള്‍ക്കു പശ്ചാത്താപമായി രാഘവന്റെ കുഴിമാടത്തില്‍പോയി രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

എംവി രാഘവന് സംരക്ഷണവും രാഷ്ട്രീയ അഭയവും നല്കിയത് യുഡിഎഫാണ്. വേട്ടപ്പട്ടികളെപ്പോലെ രാഘവനെ സിപിഎം ആക്രമിച്ചപ്പോള്‍, നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് കൂടെ നിന്നു. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അതിരൂക്ഷമാകുകയും തനിക്കെതിരേ വധശ്രമങ്ങള്‍ വരെ ഉണ്ടാകുകയും ചെയ്‌തെന്ന് സുധാകരന്‍ പറഞ്ഞു.

87ലെ തെരഞ്ഞെടുപ്പില്‍ ഏകവ്യക്തി നിയമത്തെ അനുകൂലിച്ച് ന്യൂനപക്ഷത്തിനെതിരേ ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ടാണ് സിപിഎം അധികാരത്തിലേറിയത്. അതോടൊപ്പം ഭൂരിപക്ഷ ഏകീകരണത്തിനായി ഹിന്ദുമുന്നണിയെ സിപിഎം ശക്തിപ്പെടുത്തുകയും ചെയ്തു. 87 ലെ വിജയത്തെ ലീഗിനെയും കേരള കോണ്‍ഗ്രസിനെയും മൂലക്കിരുത്തിയ രാഷ്ട്രീയ വിജയമായി രാജ്യമെമ്പാടും ആഘോഷിച്ച സിപിഎമ്മാണ് ഇപ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ പിന്നാലെ നടക്കുന്നത്.

ഏകവ്യക്തി നിയമത്തിനുവേണ്ടി നിലകൊണ്ട സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇഎംഎസ്, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ജനാധിപത്യമഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുശീലാ ഗോപാലന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി സതിദേവി തുടങ്ങിയ പ്രമുഖരെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോള്‍ സിപിഎം. 1985 ഫെബ്രുവരിയില്‍ നടന്ന ഡിവൈഎഫ്‌ഐ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ ശരിയത്ത് മാറ്റിയെഴുതണം എന്നുവരെ ഇഎംഎസ് പ്രസംഗിച്ചു. ഇതെല്ലാം ഇപ്പോൾ തള്ളിപ്പറയുന്ന സിപിഎമ്മിന്റ അവസ്ഥ പരിതാപകരമാണെന്നു സുധാകരന്‍ പറഞ്ഞു.

87 ലെ തെരഞ്ഞെുടപ്പില്‍ നടപ്പാക്കിയ ന്യൂനപക്ഷ ഏകീകരണത്തിന്റെ മറ്റൊരു പതിപ്പിനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം കേരളത്തില്‍ ആഞ്ഞടിക്കുമ്പോള്‍ വര്‍ഗീയകാര്‍ഡ് ഉയര്‍ത്തി അതിനെ മറികടക്കാമെന്നും യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിലെ രാഷ്ട്രീയം വ്യക്തമായി മനസിലാക്കിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സിപിഎം സെമിനാറില്‍നിന്ന് വിട്ടുനിന്നത്. മാരീചനെപ്പോലെ സിപിഎം ശ്രമം തുടരുമെങ്കിലും അതു കേരളത്തില്‍ വിലപ്പോകില്ലെന്നു സുധാകരന്‍ പറഞ്ഞു

Comments (0)
Add Comment