ട്വന്‍റി-ട്വന്‍റി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ തല്ലിക്കൊന്നത് : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, February 18, 2022

തിരുവനന്തപുരം : സിപിഎമ്മിന്‍റെ  ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്‍റി-ട്വന്‍റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്‍റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സിപിഎം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്‍റി-ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് തന്നെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എംഎല്‍എയ്‌ക്കെതിരെ വിളക്കണയ്ക്കല്‍ സമരം നടത്തിയതിന് ക്രൂരമായ ആക്രമണമാണ് സിപിഎം നടത്തിയത്. സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്. കേരള സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെ യൂണിവേഴ്‌സിറ്റി കേളജില്‍ ആക്രമണം നടത്തി. ആര്‍ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ് യു. പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ചവറ, ശാസ്താംകോട്ട കോളജുകളും എസ്.എഫ്.ഐ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരമാണ് സി.പി.എമ്മിനെന്നും വിഡി സതീശന്‍ വിമർശിച്ചു.

പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതോടെ സിപിഎം പോഷക സംഘടനാ നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപു എന്ന ചെറുപ്പക്കാരന്‍. അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ട. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്. വെന്‍റിലേറ്ററില്‍ കിടക്കുന്നയാള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെന്ന സ്ഥലം എംഎല്‍എയുടെയും സിപിഎമ്മിന്‍റെയും വാദം ബാലിശമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.