കൊല്ലം കൊട്ടാരക്കരയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Jaihind Webdesk
Saturday, December 29, 2018

കൊല്ലം കൊട്ടാരക്കര പവിത്രേശ്വരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജമദ്യമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

പവിത്രേശ്വരം സ്വദേശിയും വ്യാജമദ്യമാഫിയ സംഘത്തലവനുമായ സുനിലാണ് ദേവദത്തനെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ബൈക്കിൽ വരികയായിരുന്ന ദേവദത്തനെ സുനിൽ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. സുനിലിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാജമദ്യമാഫിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.

പ്രദേശവാസിയെ ആക്രമിച്ച സംഭവത്തിൽ മൂന്നു മാസമായി സുനിൽ ജയിലിലായിരുന്നു. ഈ കേസിൽ ജയിലിൽ തന്നെ ജയിലിൽ അടയ്ക്കാൻ കാരണം ദേവദത്തനാണെന്ന് സുനിൽ സംശയിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ ദേവദത്തന്‍റെ വീട്ടിൽ അടക്കം എത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് ആക്രമണം ഉണ്ടായത്. ദേവദത്തനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനുശേഷം സുനിൽ ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രതിയെ തിരഞ്ഞുപോയ പോലീസ് വാഹനം അപകടത്തില്‍പെട്ടപ്പോള്‍

ഇയാളെ കണ്ടെത്താനായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. കടപുഴയിൽ ചിറ്റുമല ചിറയിലേക്ക് പോലീസ് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ദേവദത്തന്‍റെ മൃതദേഹം കൊല്ലത്തെ സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എഴുകോൺ പൊലീസ് പറഞ്ഞു.