പത്തനംതിട്ട: സിപിഎമ്മില്‍ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സിപിഎം ന്യായീകരണം പൊളിച്ച് എക്സൈസ് വകുപ്പിന്‍റെ റിപ്പോർട്ട്. കാപ്പാ കേസ് പ്രതിക്കൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ച യദുകൃഷ്ണനിൽ നിന്നു കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തെന്ന് എക്സൈസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്‌സൈസ് തിങ്കളാഴ്ച പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ടു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എന്നാൽ സിപിഎം ഇത് നിഷേധിച്ചു. കഞ്ചാവ് കേസില്‍ കുടുക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് യദുകൃഷ്ണന്‍റെ അറസ്റ്റെന്നും യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ കള്ളക്കേസ് എടുത്തതാണെന്നുമായിരുന്നു സിപിഎമ്മിന്‍റെ ആരോപണം. സിപിഎം ആരോപണം പൊളിച്ചാണ് എക്സൈസിന്‍റെ നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനുമടക്കം 62 പേർ പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നിരുന്നു. കുമ്പഴയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാ ജോർജിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇവർ പാർട്ടിയിൽ ചേർന്നത്. കാപ്പാ കേസ് പ്രതിശരൺ ചന്ദ്രന് പാർട്ടി അംഗത്വം നൽകിയതും വിവാദമായിരുന്നു. ഇതിനെ ന്യായീകരിച്ചും മന്ത്രി വീണാ ജോർജും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവുമായി യദു പിടിയിലായത്.