കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് തകർത്ത കേസില്‍ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ റിമാന്‍ഡില്‍. പ്രദേശത്തെ സജീവ സിപിഎം പ്രവർത്തകനായ വിപിൻ രാജിനെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി തളിപറമ്പ് മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ വിപിൻ രാജിനെ റിമാൻഡ് ചെയ്തു.
പിണറായി പഞ്ചായത്തിലെ കോഴൂർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ഇന്നലെ പുലർച്ചെ അക്രമം ഉണ്ടായത്. അക്രമികൾ ഓഫിസ് തകർത്തെങ്കിലും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി വൈകുന്നേരം ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.
പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് തീയിടുകയായിരുന്നു. പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമും ജനല്‍ ചില്ലകളും അടിച്ച് തകർത്ത നിലയിലാണ് അക്രമണം ഉണ്ടായത്. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിപിന്‍ രാജ് പിടിയിലായത്.