‘കൊല്ലാന്‍ ഞങ്ങള്‍ തയാറായാല്‍ ആര്‍എസ്എസില്‍ ആരും ബാക്കിയാവില്ല’; പ്രകോപന മുദ്രാവാക്യം മുഴക്കി സിപിഎം

 

കണ്ണൂര്‍: തലശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് ഇടയിലും സംസ്കാര ചടങ്ങിലും പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം കൊല്ലാൻ തുനിഞ്ഞിറങ്ങിയാല്‍ ആർഎസ്എസില്‍ ആരും ബാക്കിയാവില്ലെന്നായിരുന്നു മുദ്രാവാക്യം.

ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നോലിൽ എത്തിയതിനിടെയാണ് പ്രകോപന മുദ്രാവാക്യം മുഴങ്ങിയത്. മൃതദേഹം റെഡ് വളണ്ടിയർമാർ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു മുദ്രാവാക്യം വിളി ശക്തമായത്. ‘കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍  ആര്‍എസ്എസിന്‍റെ തറവാട്ടില്‍ ആണായിട്ട് ആരും ബാക്കിയാവില്ല’ എന്നായിരുന്നു മുദ്രാവാക്യം. സംസ്കാര ചടങ്ങിനിടെ കതിരൂർ മനോജ് വധവും ജയകൃഷ്ണൻ മാസ്റ്റർ വധവും ഓർമ്മിപ്പിച്ചും മുദ്രാവാക്യം മുഴക്കി.

നേതാക്കള്‍ ഇടപെട്ട് പ്രകോപന മുദ്രാവാക്യം വിളിക്കുന്നത് വിലക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹരിദാസിന്‍റെ മൃതദേഹം ദഹിപ്പിക്കുന്ന വേളയിലും ആർഎസ്എസിന് മുന്നറിയിപ്പ് നൽകുന്ന മുദ്രാവാക്യം മുഴങ്ങി. കൊലപാതകത്തിന് പകരം ചോദിക്കുമെന്നും സിപിഎം വെല്ലുവിളി മുഴക്കി.

Comments (0)
Add Comment