വിജയരാഘവനെ തിരുത്തി സിപിഎം; വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടി ആയി; ലീഗ് രാഷ്ട്രീയപാർട്ടി, നേതാക്കൾ കാണുന്നതിൽ തെറ്റില്ല

Jaihind News Bureau
Tuesday, February 2, 2021

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടി ആയെന്നു സിപിഎം വിലയിരുത്തൽ. മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാട്ടിലേക്ക് കോണ്‍ഗ്രസ് നേതാക്കൾ പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള എ.വിജയരാഘവന്‍റെ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തളളി. വിവാദ പ്രസ്താവന നടത്തിയ വിജയരാഘവന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകി.

മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ വിജയരാഘവൻ നടത്തിയ വിവാദ പ്രസ്താവനയാണ്‌ സിപിഎമ്മിനെ വെട്ടിലാക്കിയത്. വിജയരാഘവന്‍റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നുമാണ് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തൽ.

വിവാദ പ്രസ്താവനയിൽ ഉത്തരംമുട്ടിയ സിപിഎം, ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം നല്‍കിയതായാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയും വിജയരാഘവന് താക്കീത് നല്‍കിയതായാണ് സൂചന. വിവാദ പ്രസ്താവന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്.