കായംകുളത്തും ഹരിപ്പാടും സിപിഎം അക്രമം തുടരുന്നു ; ഒരു കോണ്‍ഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു

Jaihind Webdesk
Wednesday, April 7, 2021

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ ഹരിപ്പാടും കായംകുളത്തും സിപിഎം അക്രമം തുടരുന്നു. സംഘ‍ർഷങ്ങൾക്കിടെ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സൽ, പുതുപ്പള്ളി സ്വദേശി സോമൻ എന്നിവ‍‍ർക്കാണ് വെട്ടേറ്റത്. ചികിത്സയിൽ കഴിയുന്ന അഫ്സലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇന്നലെ പോളിം​ഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ​ഹരിപ്പാടും സം​ഘ‍ർഷം പൊട്ടിപ്പുറപ്പെട്ടത്. ആ​ദ്യത്തെ ആക്രമണത്തിൽ അഫ്സലിന് വെട്ടേൽക്കുന്നത്. ഒപ്പമുണ്ടായിരുന്ന നൗഫൽ എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അഫ്സലിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നാലെ അർധരാത്രിയോടെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സോമന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സോമനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡൻ്റ് രജീഷിനും പരിക്കേറ്റിരുന്നു.