കൊല്ലം: ജില്ലയില്‍ കോൺഗ്രസ് ഓഫീസുകള്‍ക്കെതിരായ സിപിഎം അക്രമങ്ങള്‍ക്കെതിരെ കൊല്ലം ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ നാളെ ഉപവസിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ചിന്നക്കടയിലാണ് ഉപവാസം. സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടകൾ ജില്ലയിലുടനീളം കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയും കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ അക്രമത്തിന് നേതൃത്വം നൽകിയ സിപിഎമ്മിൽ നിന്നും നഷ്ടപരിഹാരം നിയമപരമായി നേടിത്തരണമെന്നും, സിപിഎം ജില്ലയിലുടനീളം നടത്തുന്ന അക്രമ പരമ്പരകൾ അവസാനിപ്പിക്കണമെന്നും അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നൽകിയ പി.കൃഷ്ണപിള്ളയുടെ സ്മാരകം പോലും തീവച്ച് നശിപ്പിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാർ. തിരുവോണനാളിൽ കൊല്ലം ഡിസിസി ഓഫീസ് കെട്ടിടത്തിന് നേരെ അക്രമം അഴിച്ച് വിട്ടു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ വിശ്വാസ കേന്ദ്രമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്. ആരാധനാലയം പോലെ പവിത്രവും പരിപാവനവുമാണ് കോൺഗ്രസ് പാർട്ടി ഓഫീസുകൾ. പാർട്ടി ഓഫീസുകളിൽ വടിവാളുകളും കൊലക്കത്തികളും ബോംബുകളും സൂക്ഷിക്കുന്ന സിപിഎമ്മുകാർക്ക് അതിന്‍റെ പവിത്രത മനസ്സിലാകില്ല.
ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്തു. പാവുമ്പ മണ്ഡലം കമ്മിറ്റി ഓഫീസും അക്രമത്തിന് ഇരയാക്കി. അതിൽ പാവുമ്പയിലെ പാർട്ടി ഓഫീസിലെ ഫർണിച്ചറുകളും, ഖാദി ഉൽപ്പന്നങ്ങളുമടക്കം 15 ലക്ഷം രൂപയുടെ നാശനഷ്ടം സിപിഎം വരുത്തിയിട്ടുണ്ട്. പരവൂർ മണ്ഡലത്തിലെ പൂതക്കുളത്തും, കല്ലുവാതുക്കലിലും കൊടിമരങ്ങൾ നശിപ്പിച്ചു. ചവറ നല്ലേഴുത്ത് മുക്കിലും ഒടുക്കത്ത്മുക്കിലും കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചതിന് എതിരെ ചവറ കൊട്ടുകാട്ടിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയും കോൺഗ്രസ് പ്രവർത്തകരായ ഷാജി മടപ്പള്ളി, കുറ്റിയിൽ ലത്തീഫ്, സലാം എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തികുളങ്ങര കോൺഗ്രസ് ഓഫീസ് ആക്രമിച്ച ശേഷം മതിൽക്കെട്ടിന് ഉള്ളിലേക്ക് തീപ്പന്തം എറിഞ്ഞു. ചടയമംഗലം ബ്ലോക്കിലെ ആൽത്തറമൂട്, ചിതറ ബ്ലോക്കിലെ ഇളമാട് മണ്ഡലത്തിലെ തേവന്നൂർ കാവുംകോണം, കോട്ടക്കവിള, വെള്ളച്ചാൽ എന്നിവിടങ്ങളിലും വടക്കേവിള ബ്ലോക്കിലെ പോളയത്തോട്, കപ്പലണ്ടിമുക്ക് എന്നിവിടങ്ങളിലും തൃക്കോവിൽവട്ടം ബ്ലോക്കിലെ നല്ലില, പള്ളിവേട്ടകാവ്, പുലിയില, കുളപ്പാടം എന്നിവിടങ്ങളിലും വ്യാപകമായി കൊടിമരങ്ങൾ നശിപ്പിച്ചു. തലവൂർ ബ്ലോക്കിലെ കൂരയിൽ, വിളക്കുടി മണ്ഡലത്തിലെ കുന്നിക്കോട്, കൊട്ടാരക്കര മൈലം എന്നിവിടങ്ങളിലും സിപിഎം ക്രിമിനലുകൾ കൊടിമരങ്ങൾ നശിപ്പിച്ചു.
വർത്തമാന കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന സിപിഎം അക്രമ പരമ്പരകളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നത്. ഇതിന് നിർദ്ദേശം നൽകിയിട്ടുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണെന്നും ബിന്ദുകൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ആസ്തി വകകൾക്കുണ്ടായ നാശനഷ്ടത്തിന്റെ നഷ്ടപരിഹാരം സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും ഈടാക്കാൻ നിയമപരമായി നീങ്ങും. ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങൾ സംബന്ധിച്ച് പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിക്കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ അക്രമത്തിൽ നശിച്ചത് എല്ലാം തന്നെ പുനസ്ഥാപിച്ചിരിക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ഉപവാസ സമരം രാവിലെ 9 മണിക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി വൈസ് പ്രസിഡന്‍റ് മോഹൻ ശങ്കർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ് ഖാൻ, ഡിസിസി വൈസ് പ്രസിഡന്‍റുമാരായ സൂരജ് രവി, പി.ജർമ്മിയാസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, ആദിക്കാട് മധു, തൃദീപ് കുമാർ, കൃഷ്ണവേണി ശർമ്മ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.