കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നേരെ സിപിഎം അക്രമം; മേയർ സുമാ ബാലകൃഷ്ണന് നേരെ അസഭ്യവർഷവും കയ്യേറ്റവും

കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണനെ സിപിഎം കൗൺസിലർമാർ അക്രമിച്ചു. മേയർക്ക് നേരെ കൗൺസിലർമാരുടെ അസഭ്യവർഷം. കൗൺസിൽ ഹാളിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരുക്ക് പറ്റിയ മേയർ ആശുപത്രിയിൽ ചികിത്സ തേടി.

കൗൺസിൽ യോഗം ആരംഭിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി മേയറുടെ അടുത്തേക്ക് വന്ന സിപിഎം കൗൺസിലർമാരാണ് മേയർ സുമാ ബാലകൃഷ്ണനെ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷന് മുന്നിൽ സമരം നടത്തുന്ന സി പി എം അനുകൂല ജീവനക്കാരുടെ ‘പ്രശ്നങ്ങൾ ചർച്ച ചെയ്ത ശേഷം മാത്രം മതി കൗൺസിൽ യോഗം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു ബഹളം.

സിപിഎം കൗൺസിലർമാരായ തൈക്കണ്ടി മുരളി, പ്രമോദ്, രാജീവൻ എന്നിവർ ചേർന്നാണ് മേയറെ കയ്യേറ്റം ചെയ്തത്.

മേയർക്കെതിരെ മുദ്രാവാക്യം വിളിച്ച സി പി എം കൗൺസിലർമാർ അസഭ്യവർഷവും നടത്തി. മേയർക്കെതിരെയുള്ള കയ്യേറ്റം തടയാൻ ശ്രമിച്ച യുഡിഎഫ് കൗൺസിലർമാരെ സി പി എം കൗൺസിലർമാർ തടഞ്ഞുവെച്ചു. കോർപ്പറേഷൻ ഹാളിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയായിരുന്നു കയ്യേറ്റം.

മേയറെ കയ്യേറ്റം ചെയ്തതറിഞ്ഞ് കെ.സുധാകരൻ എംപി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾ കോർപ്പറേഷൻ ഓഫിസിലെത്തി. പരുക്കേറ്റ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവവർത്തകർ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. മേയറെ കയ്യേറ്റം ചെയ്ത സി പി എം നടപടിയിൽ പ്രതിഷേധിച്ച് നാളെ ഉച്ചവരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

https://www.youtube.com/watch?v=t6U2rrQAZGw

Kannur CorporationMayorMayor Suma Balakrishnan
Comments (0)
Add Comment