മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സി.പി.എം : വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ച് സി.എച്ച് കുഞ്ഞമ്പു ; പ്രതിഷേധം | Video

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു വീടുകൾ കയറി വോട്ടഭ്യർത്ഥന നടത്തി. മംഗൽപ്പാടി പഞ്ചായത്തിലെ ഷിറിയ മേഖലയിലാണ് മണ്ഡലത്തിലെ സ്ഥിര താമസക്കാരനല്ലാത്ത സി.എച്ച് കുഞ്ഞമ്പുവും പുറത്ത് നിന്നുള്ള സി.പി.എം പ്രവർത്തകരും  ഗൃഹസന്ദർശനം നടത്തിയത്. യു.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സി.എച്ച് കുഞ്ഞമ്പുവും സംഘവും മടങ്ങി.

മഞ്ചേശ്വരത്തെ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പുവിന്‍റെ നേതൃത്വത്തിൽ കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം മേഖലയിലെ സി.പി.എം പ്രവർത്തകരാണ് തെരഞ്ഞെടുപ്പ്  ചട്ടം ലംഘിച്ച് വീടുകയറി പ്രചാരണം നടത്തിയത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപ്പാടി ഷിറിയ മേഖലയിൽ വീടുകളിലും കോളനികളിലും കയറുന്നതിനിടെ സി.എച്ച് കുഞ്ഞമ്പു വീടുകയറി പ്രചാരണം നടത്തുന്നത് യു.ഡി.എഫ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് സി.എച്ച് കുഞ്ഞമ്പു സഞ്ചരിച്ച വാഹനം യു.ഡി.എഫ് പ്രവർത്തകർ തടയുന്ന സ്ഥിതി ഉണ്ടായി. തുടർന്ന് സി.എച്ച് കുഞ്ഞമ്പുവും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. താൻ മുൻ എം.എൽ.എയാണെന്നും വീടുകയറി വോട്ടഭ്യർത്ഥിക്കാനുള്ള അധികാരം ഉണ്ടെന്നുമാണ് സി.എച്ച് കുഞ്ഞമ്പു യു.ഡി.എഫ്പ്രവർത്തകരോട് പറഞ്ഞത്.

തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്രചാരണം കഴിഞ്ഞാൽ നിയോജക മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളുകൾ മണ്ഡലത്തിൽ നിന്ന് പുറത്ത് പോകണമെന്നാണ് ചട്ടം. നിശബ്ദ പ്രചാരണ ദിവസം സ്ഥാനാർത്ഥിക്കും, ചീഫ് ഏജന്‍റിനും മണ്ഡലത്തിന് അകത്തുള്ള പ്രവർത്തകർക്കും മാത്രമാണ് വീടുകയറി പ്രചാരണം നടത്താൻ ചട്ടപ്രകാരം അനുമതിയുള്ളു. ഇത് ലംഘിച്ച് കൊണ്ടാണ് സി.എച്ച് കുഞ്ഞമ്പു പ്രചാരണം നടത്തിയത്. പ്രവർത്തകരുടെ എതിർപ്പ് ശക്തമായതോടെ സി.എച്ച് കുഞ്ഞമ്പുവും സംഘവും മടങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എതിരെ യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകി. പുറത്ത് നിന്നുള്ള ആളുകളുമായെത്തി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിന് ഡി.വൈ.എസ്.പിക്കും യു.ഡി.എഫ് പരാതി നൽകി.

https://www.youtube.com/watch?v=R4dfIGAAbG4

C.H Kunhambucpmviolation of code of conductmanjeswaram
Comments (0)
Add Comment