അക്രമം അഴിച്ചുവിട്ട് സിപിഎം; കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം

Jaihind Webdesk
Friday, July 1, 2022

 

ദുരൂഹമായ എകെജി സെന്‍റര്‍ ആക്രമണ നാടകത്തിന് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരുടെ  കല്ലേറിൽ ജനൽ ചില്ലുകള്‍ പൊട്ടി. ഇന്നലെ അർധരാത്രിയോടെ നടന്ന സിപിഎം മാർച്ചിനിടെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിലാണ് ആക്രമണം ഉണ്ടായത്. ഡിസിസി ഓഫീസിലേക്ക് കല്ലെറിയുന്നതിന് ഒപ്പം കയ്യിൽ കരുതിയിരുന്ന തീപ്പന്തങ്ങളും സിപിഎം പ്രവർത്തകർ വലിച്ചെറിഞ്ഞു. സിപിഎം പ്രവർത്തകർ ഡിസിസി ഓഫീസ് അക്രമിക്കുമ്പോൾ പോലീസ് നോക്കിനിൽക്കുകയായിരുന്നു. സിപിഎം പ്രവർത്തകർ ഡിസിസി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ആറുമണിക്ക് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധി സ്‌ക്വയറിൽ സത്യഗ്രഹ സമരം നടത്തി പ്രതിഷേധിക്കും.

കോട്ടയം ഡിസിസിക്ക് നേരേ കല്ലെറിഞ്ഞത് പോലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ പിടിക്കാനുള്ള ധൈര്യം പോലീസിനുണ്ടോ എന്നതാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർത്തു. രാത്രിയോടെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് സംഭവം. അക്രമത്തിന് പിന്നിൽ ആസൂത്രിത നീക്കമെന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സ്രമമാണ് നടക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു.

തൃശൂർ കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന്‍റെ ബോർഡ് തകർത്തു. കോൺഗ്രസിന്‍റെ ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനം സ്റ്റേഡിയം ജംഗ്ഷനിൽ വാഹനം കുറുകയിട്ട് പോലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടി ഓഫീസുകൾക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു.
ജില്ലയിലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.