സിപിഎം അക്രമം അഴിച്ചുവിടുന്നു: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, January 11, 2022

കേരളത്തില്‍ വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ബിജെപിക്കാരും എസ്ഡിപിഐക്കാരും സിപിഎം പ്രവര്‍ത്തകരെ വെട്ടിനുറുക്കിയപ്പോള്‍ ഇപ്പോള്‍ സിപിഎം നടത്തുന്നതുപോലെയുള്ള ഒരു അക്രമസംഭവും തിരിച്ചടിയും കണ്ടില്ല. ഇതില്‍ നിന്നു തന്നെ സിപിഎമ്മിന്റെ നയവും വ്യക്തമാണ്. ഭയപ്പെടുത്തി കോണ്‍ഗ്രസിനെ കീഴ്പ്പെടുത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അതു മൗഢ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം.ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ ഒരുക്കുന്നതില്‍ പോലീസിന്‍റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്ന് കെഎസ് യു ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു.

എസ് എഫ് ഐ പ്രവര്‍ത്തകന് യഥാസമയം വൈദ്യസഹായം നല്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വരണം.മരണത്തിന്റെ വേദന ഏറ്റവുമധികം അറിയാവുന്നത് കോണ്‍ഗ്രസുകാര്‍ക്കാണ്. എത്രയെത്ര കോണ്‍ഗ്രസ് കുടുംബങ്ങളാണ് വേദന തിന്നു കഴിയുന്നത്. അതുകൊണ്ടു തന്നെ ഏതു മരണവും കോണ്‍ഗ്രസിനു വേദനാജനകമാണ്.മനപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന പ്രസ്താവനകളാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നല്‍കിയത്.

എറണാകുളം മഹാരാജാസ് കോളേജില്‍ കെഎസ് യു വിദ്യാര്‍ത്ഥികളെ എസ് എഫ് ഐക്കാര്‍ തല്ലിച്ചതച്ചു. കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ എറിഞ്ഞു തകര്‍ത്തു. കൊല്ലം ചവറയില്‍ യുഡിഎഫ് എംപി എന്‍.കെ പ്രേമചന്ദ്രന്റെ കാര്‍ അക്രമിച്ചു. പത്തനംതിട്ടയിലും വ്യാപക അക്രമങ്ങളാണ് കോണ്‍ഗ്രസ് ഓഫീസിനും പ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം അഴിച്ചുവിടുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

ഒരുതരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അക്രമങ്ങളുടെ ഉപാസകരാണ് സിപിഎമ്മുകാര്‍. കോണ്‍ഗ്രസ് എന്നും സമാധാനം ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് മട്ടന്നൂരില്‍ ഷുഹൈബിനേയും പെരിയയില്‍ ശരത്‌ലാലിനേയും കൃപിഷേനേയും മൃഗീയമായി സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും കേരളത്തില്‍ ഒരിടത്ത് പോലും അക്രമപരമ്പരകള്‍ ഉണ്ടാകാതിരിന്നത്. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ഉണ്ടായപ്പോള്‍ അതിനെ ശക്തമായി കോണ്‍ഗ്രസ് അപലപിച്ചു. കൊടിയുടെ നിറം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നിലപാടെടുത്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ജനാധിപത്യ നിലപാട് ഒരിക്കലും കണ്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.