സി.പി.എം ബി.ജെ.പിയുടെ റിക്രൂട്ട്മെന്‍റ് ഏജന്‍സി : രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, March 6, 2019

സി.പി.എമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്ക് പൊതുവേദിയില്‍ പരസ്യമായി സ്തുതി പാടിയ സി.പി.എം മഹാരാഷ്ട്ര സെക്രട്ടറി നര്‍സയ്യ ആദത്തിന്‍റെ നിലപാടിലൂടെ സി.പി.എമ്മിന്‍റെ യഥാര്‍ഥ മുഖമാണ് വ്യക്തമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയെ പ്രശംസിച്ചതിന്  കേന്ദ്രകമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത് സി.പി.എമ്മിന്‍റെ ദുരവസ്ഥയെയാണ് കാണിക്കുന്നത്.  ഇതോടെ സി.പി.എമ്മിന്‍റെ മോദി വിരോധവും, മതേതര പ്രതിബദ്ധതയും വെറും തട്ടിപ്പ് മാത്രമാണെന്ന് വ്യക്തമായി. മോദിക്കും സംഘപരിവാറിനും എതിരായ മതേതര ചേരിയെ നയിക്കാനും വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്ന് ന്യൂനപക്ഷങ്ങളും ദളിതരും അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കാനും കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.  ബി.ജെ.പിയുടെ  റിക്രൂട്ട്മെന്‍റ് ഏജന്‍സിയായി സി.പി.എം അധഃപതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച സി.പി.എം മഹാരാഷ്ട്ര സെക്രട്ടറി നര്‍സയ്യ ആദത്തിന്‍റെ വാക്കുകളിലൂടെ സി.പി.എമ്മിന്‍റെ യഥാര്‍ഥ നിറമാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആരോപണങ്ങള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സി.പി.എം, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് ഏജന്‍സിയായി അധഃപതിച്ചിരിക്കുകയാണ്.

മോദി പ്രശംസയുടെ പേരില്‍ സി.പി.എമ്മിന് തങ്ങളുടെ പരമോന്നത സമിതിയിലെ ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത് ആ പാര്‍ട്ടിയുടെ ദുരവസ്ഥയെ ആണ് കാണിക്കുന്നത്. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും, ഇന്ത്യയില്‍ സി.പി.എമ്മിനെ നയിക്കുന്ന കേരളാ ഘടകവും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്‌ ?

സി.പി.എമ്മിന്‍റെ മോദി വിരോധവും, മതേതര പ്രതിബദ്ധതയും വെറും തട്ടിപ്പ് മാത്രമാണെന്ന കോണ്‍ഗ്രസിന്‍റെ നിഗമനം ശരിവെക്കുന്നതാണീ സംഭവ വികാസങ്ങള്‍. നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെയുളള സി.പി.എം പ്രതിരോധം വെറുമൊരു രാഷ്ട്രീയ തമാശയാണെന്ന് ഇതോടെ വ്യക്തമാവുകയാണ്‌.

മോദിക്കും സംഘപരിവാറിനും എതിരെയുള്ള മതേതര ചേരിയെ നയിക്കാനും,
വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്ന് ന്യൂനപക്ഷങ്ങളും ദളിതരും അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കാനും കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്ന് ഈ സംഭവത്തോടെ അടിവരയിടുന്നു.[yop_poll id=2]