സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, November 20, 2020

 

തിരുവനന്തപുരം: കണ്ണൂരില്‍ സ്വതന്ത്രവും നിര്‍ഭയവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം അനുവദിക്കുന്നില്ല.യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആന്തൂരിലും മലപ്പട്ടത്തും സമാനമായ അവസ്ഥയാണ്. കോണ്‍ഗ്രസിന് വ്യക്തമായി സ്വാധീനമുള്ള പഞ്ചായത്തുകളാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായിരുന്ന കെ.സുധാകരന്‍ എംപിക്ക് 4967 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം കിട്ടിയ പഞ്ചായത്താണ് ആന്തൂര്‍. ജനാധിപത്യ സംവിധാനത്തില്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയാണ് സിപിഎം തകര്‍ക്കുന്നത്. ഫാസിസ്റ്റ് നടപടിയാണിതെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് ഘടകകക്ഷികള്‍ അല്ലാത്തവരുമായി ഒരു നീക്കുപോക്കും തെരഞ്ഞെടുപ്പില്‍ നടത്തിയിട്ടില്ല. കോണ്‍ഗ്രസിന്‍റെ ദേശീയ നിലപാടുകള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.അതിന് വിരുദ്ധമായ ഒരു നിലപാടും സ്വീകരിക്കുകയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ല. ഇതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഡിസിസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മൂന്നംഗ സമിതിയേയും കെപിസിസി നിയമിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനം ഒരുവിധത്തിലും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും അത് പൊതുഭരണ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. തീപിടുത്തം ഉണ്ടായപ്പോള്‍ മദ്യകുപ്പിയും കണ്ടെത്തിയിരുന്നു. മദ്യാലയമായി സെക്രട്ടേറിയറ്റ് മാറി. എല്ലാത്തരം അനഭലക്ഷണീയമായ പ്രവര്‍ത്തനങ്ങളുടേയും പ്രഭവ കേന്ദ്രം സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.