ശബരിമലയില്‍ വീണ്ടും സിപിഎമ്മിന് അടിതെറ്റുന്നു ; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ നേതൃത്വം

Jaihind News Bureau
Thursday, March 18, 2021

 

നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിൽ സിപിഎമ്മിന് ശബരിമല പ്രതിസന്ധി. പാർട്ടി കേന്ദ്രനേതൃത്വം വിയോജിപ്പ് പരസ്യമാക്കിയതോടെ പ്രശ്‌നത്തിലെ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുമാറ്റം സംശയനിഴലിലായി. ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വിഷമമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കടകംപള്ളിയുടെ വാക്കുകൾ കേന്ദ്രനേതൃത്വം തള്ളിയതോടെ സംസ്ഥാന നേതൃത്വവും സർക്കാരും വീണ്ടും വെട്ടിലായി. അതേസമയം മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത് സുപ്രീം കോടതി വിധി വന്നതിന് ശേഷം ചർച്ച ചെയ്യാമെന്നാണ്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിന് അടിപതറുകയാണ്. തെരഞ്ഞടുപ്പിൽ വിഷയം വീണ്ടും സജീവ ചർച്ചായതോടെ സംസ്ഥാന നേതൃത്വത്തിന് ഉത്തരം മുട്ടിയിരിക്കുകയാണ്. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം എന്തുകൊണ്ട് പിൻവലിക്കില്ലന്ന് കോണ്‍ഗ്രസിന്‍റെയും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ തുടർച്ചായി ഉള്ള ചോദ്യത്തിന് പാർട്ടിക്കും സർക്കാരിനും മറുപടി ഇല്ല. ഇക്കാര്യത്തിൽ എന്ത് മറുപടി നൽകണമന്ന് ആശയക്കുഴപ്പത്തിലാണ് പാർട്ടി നേതൃത്വം. വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ ഖേദ പ്രകടനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമായി തളളിക്കളഞ്ഞിരുന്നു. ഇതോടെ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ വിഷയത്തില്‍ വ്യക്തമായ മറുപടി നൽകുന്നില്ല.  സത്യവാങ്മൂലം പിൻവലിക്കാതെ സർക്കാർ ഒളിച്ചുകളി തുടരുകയാണ്. ശബരിമല വിഷയത്തിൽ തീർത്ത വനിതാ മതില്‍ നേട്ടമായി ചിത്രീകരിച്ച് പിണറായി സർക്കാരിന് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശത്തെകുറിച്ച് മിണ്ടാട്ടമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിശ്വാസ സമൂഹം പാർട്ടിക്ക് എതിരെ നിലപാട് സ്വീകരിച്ചത് കൊണ്ടാണന്നാണ് പാർട്ടി വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷയം വീണ്ടും സജീവമാകുമ്പോൾ വിശ്വാസികളുടെ രോഷം പാർട്ടിക്ക് വൻ വെല്ലുവിളിയാകും.