വിമർശനങ്ങള്‍ അതിര് കടക്കുന്നു; പ്രതിഭക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം

 

ആലപ്പുഴ: പാര്‍ട്ടിക്കെതിരെ തുടർച്ചയായി നടത്തുന്ന പരസ്യ വിമർശനങ്ങളില്‍ യു പ്രതിഭ എംഎല്‍എക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം. പ്രതിഭയുടേത് സംഘടനാ വിരുദ്ധ നടപടിയാണെന്ന് നേരത്തെ തന്നെ ശക്തമായ വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ട് ചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. തനിക്കെതിരെ പ്രവർത്തിക്കുന്നത് ഭീരുക്കളാണെന്നും പ്രതിഭ തുറന്നടിച്ചു. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തക ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് ചിത്തരഞ്ജൻ എംഎൽഎയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കായംകുളം ഏരിയ കമ്മിറ്റി അടക്കം പ്രതിഭക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. പാർട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു, ഇത് ബോധപൂര്‍വമാണ്. എംഎല്‍എയുടേത് സംഘടനാ വിരുദ്ധ നടപടിയാണെന്നും നടപടി സ്വീകരിക്കാന്‍ വൈകരുതെന്നും ആവശ്യമുയർന്നു. സമ്മര്‍ദ്ദം ശക്തമായതോടെ പ്രതിഭക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Comments (0)
Add Comment