സിപിഎം അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നു ; എംഎം ഹസ്സന്‍ 

Jaihind Webdesk
Thursday, April 8, 2021

തിരുവനന്തപുരം : അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് അസഹിഷ്ണുതയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന അഭിപ്രായം വോട്ടെടുപ്പ് ദിവസം തുറന്ന് പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ എല്‍ഡിഎഫ് കണ്‍വീനറും നാലു സിപിഎം മന്ത്രിമാരും ചേര്‍ന്ന് സംഘടിതമായി വിമര്‍ശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സിപിഎമ്മിന്‍റെ ജനാധിപത്യ വിരുദ്ധ അസഹിഷ്ണുത രാഷ്ട്രയത്തിന് തെളിവാണെന്ന് ഹസ്സന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയിലുള്ള അമര്‍ഷവും അതൃപ്ത്തിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇതേ വിഷയത്തില്‍ തന്‍റെ നിലപാട് ആവര്‍ത്തിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരായ സിപിഎമ്മിന്‍റെ ഭീഷണിയെ ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് സിപിഎം തിരിച്ചറിയണം. സ്വന്തം അഭിപ്രായം പറഞ്ഞ സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്നുമാണ് മന്ത്രിമാരായ എകെ ബാലനും എംഎം മണിയും പറയുന്നത്.ഇതിനെ മന്ത്രിമാരായ മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും പിന്താങ്ങുന്നത് സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മനോഭാവം വ്യക്തമാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ മന്ത്രി എകെ ബാലന്റെ നടപടി ബാലിശവും പരിഹാസ്യവുമാണ്.

എതിര്‍ക്കുന്നവരെ തകര്‍ക്കുന്ന ആര്‍എസ്എസിന്‍റെ അതേ ശൈലിയാണ് ഇവിടെ സിപിഎം പിന്തുടരുന്നത്.പിന്തുണയ്ക്ക് വേണ്ടി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് കയറിയിറങ്ങുമ്പോള്‍ സുകുമാരന്‍ നായര്‍ സിപിഎമ്മിന് സമുദായിക ആചാര്യനും എല്‍ഡിഎഫിനെതിരെ അഭിപ്രായം പറയുമ്പോള്‍ കടന്നാക്രമിക്കുകയും രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമാകുന്നത്.സിപിഎമ്മിന്‍റെ അസഹിഷ്ണുത നിറഞ്ഞ പ്രതികാര ശൈലി ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.