കൊറോണക്കാലത്ത് മണ്ഡലത്തില്‍ കാണാനില്ല; പ്രതിഭ എം.എല്‍.എയെ വിമർശിച്ച പ്രവർത്തകർക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം

Jaihind News Bureau
Thursday, April 2, 2020

ആലപ്പുഴ : കായംകുളം എം.എല്‍.എ യു പ്രതിഭയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. കൊവിഡ് കാലത്ത് മണ്ഡലത്തില്‍ സജീവമല്ലാത്ത എം.എല്‍.എക്കെതിരെ പ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചിരുന്നു.  മണ്ഡലത്തിലെ എം.എല്‍.എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെയും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ വിമർശനം ഉന്നയിച്ചിരുന്നു. വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന എം.എല്‍.എയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്‌.ഐ നേതാവിന്‍റെ മറുപടി. എം.എല്‍.എ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ബന്ധപ്പെട്ടിട്ടും ഒരാഴ്ചയായി ഓഫീസ് തുറക്കുന്നില്ലെന്നും വിമർശിച്ചിരുന്നു.

അതേസമയം കൊവിഡ് കാലത്ത് എം.എല്‍.എ എവിടെ എന്ന് തിരക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടപടിക്കൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.

എം.എല്‍.എയെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് MLA ഓഫീസ് തുറന്നു പ്രവർത്തിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്. MLA വീട്ടിൽ ഇരുന്നോ പക്ഷേ ഓഫീസ് തുറക്കുക… ഫോണിലൂടെയും, സോഷ്യൽ മീഡിയിലൂടെയും സഹായവുമെത്തിക്കുന്നതിനു പരിമിതികൾ ഉണ്ട്… കായംകുളത്തെ ജനതക്ക് എന്ത് ആവിശ്യത്തിനും കയറി ചെല്ലാൻ മുൻസിപ്പൽ ചെയർമാന്റെ ഓഫിസ് തുറന്നു കിടക്കുന്നതു കൊണ്ട് സഹായമെത്തിക്കുവാൻ കഴിയുന്നു… മെഡിക്കൽ സ്റ്റോറുകളുടെ പേരുകൾ കായംകുളം നിവാസികൾക്ക്‌ അറിയാം. സൗജന്യ മായി മരുന്നെത്തിക്കുന്നിടത്താണ് ഒരു ജനപ്രതിനിധിയുടെ വിജയം. MLA ടെ പ്രൈവറ്റ് സെക്രട്ടറി അടക്കം വീട്ടിൽ ഇരുന്നു പ്രവർത്തിക്കുകയാണ് എന്നു MLA ലൈവിൽ വന്നു പറഞ്ഞു.പക്ഷേ സെക്രട്ടറി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആണെന്ന് MLA മറക്കരുത്.ഞങ്ങളുടെ മുമ്പിൽ MLA നിന്നാൽ മതി കായംകുളത്തെ DYFI സഖാക്കൾ പ്രവർത്തിക്കാൻ തയ്യാർ…. കൂട്ടായ പ്രവർത്തനം ആണ് കായംകുളത്ത് വേണ്ടത്…. ഓഫീസ് സ്റ്റാഫ് കൾക്ക് ഓഫിസിൽ വന്ന് പ്രവർത്തിക്കാൻ മടി ആണെങ്കിൽ DYFI സഖാക്കൾ ഓഫീസിൽ വന്ന് പ്രവർത്തിക്കാൻ തയാർ ആണ്…