പ്രധാനമന്ത്രിയെ കണ്ടപ്പോൾ പാർട്ടി നിലപാട് മറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; നടപടിയുമായി കേന്ദ്രകമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വാനോളം പുകഴ്ത്തിയ നേതാവിനെതിരെ സിപിഎമ്മിന്‍റെ അച്ചടക്ക നടപടി. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ആദം നരസയ്യ നാരായണിനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് മൂന്നു മാസത്തേക്ക് സിപിഎം സസ്പെൻഡ് ചെയ്തു.

ജനുവരി ഒൻപതിന് മഹാരാഷ്ട്രയിലെ സോലാപൂരിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്ത ചടങ്ങിലാണ് നരസയ്യ ആദം വിവാദ പ്രസംഗം നടത്തിയത്. ബിജെപി സർക്കാരിന്‍റെ വികസന പദ്ധതികളുടെ ഉൽഘാടന ചടങ്ങായിരുന്നു വേദി.

എഴുപത് വർഷം നടക്കാത്ത വികസനമാണ് മോദി നടത്തിയതെന്നു നരസയ്യ ആദം പറഞ്ഞു. ഈ രാജ്യത്തെ പാവപ്പെട്ട സ്ത്രീകൾ ഒരിക്കലും മോദിയെ മറക്കില്ല. ബിജെപി സർക്കാർ പാവങ്ങൾക്ക് നൽകിയ വീടുകൾ, ബംഗ്‌ളാവുകളാണ്. ജനങ്ങൾ എന്നും മോദിയോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ പോയി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രശംസ.

സദസ്സിലുണ്ടായിരുന്ന നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്നാവിസും പ്രസംഗം ഏറെ ആസ്വദിച്ചെങ്കിലും പ്രധാനമന്ത്രിയെ കണ്ടപ്പോൾ പാർട്ടി നിലപാട് മറന്ന സംസ്ഥാന സെക്രട്ടറി ഇപ്പോൾ കേന്ദ്ര കമ്മിറ്റിക്കു പുറത്തായിരിക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുംവിധം സംസാരിച്ചതിനാണ് നടപടി.

narendra modi
Comments (0)
Add Comment