തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ നടപടി മയപ്പെടുത്താൻ സി.പി.എം കച്ചമുറുക്കുന്നതിനിടെ പരാതി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സി.പി.എം നേതൃത്വം. ശശിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമായി പീഡനാരോപണം സൃഷ്ടിച്ചെടുക്കുകയും ഇതുസംബന്ധിച്ച പരാതി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ചോർത്തി നൽകി പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തതിനാവും ഇവരുടെ പേരിൽ നടപടിയെടുക്കുക.
നടപടി ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് സ്വീകരിക്കാനുള്ള നിർദ്ദേശമാവും പാർട്ടി നൽകുക. ഇതു സംബന്ധിച്ച് ശശി പക്ഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതി നൽകിയ പരാതിയിൽ പാലക്കാട്ടെ സി.പി.എം നേതാക്കളുടെ പേരുകളാണുള്ളത്.
യുവജനസംഘടനയിലെ രണ്ടു നേതാക്കൾ, തൊഴിലാളി സംഘടനയിലെ ഒരു പ്രധാന ജില്ലാ ഭാരവാഹി, ഒരു കർഷകസംഘം നേതാവ്, മലബാർ സിമന്റ്സ് ഡയറക്ടർ ബോർഡ് അംഗമായ പാർട്ടി ഭാരവാഹി ഇവർക്ക് പുറമേ മലമ്പുഴ പുതുശേരി ഏരിയാ കമ്മിറ്റിയിലെ ചില മുതിർന്ന നേതാക്കളും പി.കെ.ശശിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നാണ് പാലക്കാട് ജില്ലയിൽ നിന്നുള്ള ചില മുതിർന്ന നേതാക്കളും ശശിക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള പ്രവർത്തകരും അന്വേഷണ കമ്മീഷനെയും പാർട്ടി സംസ്ഥാന നേതാക്കളെയും ബോധിപ്പിച്ചത്. ആരോപണത്തിൽ ശശിക്കെതിരെ നടപടി മയപ്പെടുത്തുന്നതിനൊപ്പം ഔദ്യോഗിക പക്ഷത്തിനെതിരെ നിന്നവരെ പാർട്ടിയിൽ ഒറ്റപ്പെടുത്തണമെന്നുള്ള സന്ദേശമാവും സംസ്ഥാന നേതൃത്വം നൽകുക. ഇതിനിടെ മന്ത്രി എ.കെ ബാലനും പി.കെ ശശിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണുവെന്നും റിപ്പോർട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ പൊലീസ് സംവിധാനത്തെയാകെ ശശിയുടെ നിയന്ത്രണത്തിലാക്കിയതും സി.ഐ.ടി.യു വിഭാഗത്തിലുള്ള ശശിയുടെ അപ്രമാദിത്വവുമാണ് ബാലന്റെ അസ്വസ്ഥതയ്ക്ക് പിന്നിലെ കാരണം. എന്നാൽ ഔദ്യോഗിക പക്ഷത്തിന്റെ കടുത്ത സമ്മർദ്ദമുള്ളതുമൂലം അന്വേഷണ റിപ്പോർട്ടിൽ ഇത് എത്രമാത്രം പ്രതിഫലിക്കുമെന്ന് അറിയാനാവില്ല.
പീഡനം സംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയ പാരാതിയിൽ അനിശ്ചിതമായി നടപടി നീണ്ടുപോയതോടെയാണ് യുവതിയും ഒപ്പമുള്ളവരും സി.പിഎം പൊളിറ്റ് ബ്യൂറോ അംഗവും വനിതാ നേതാവുമായ വൃന്ദാ കാരാട്ടിന് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ത്വരിതപ്പെടാതിരുന്നതോടെ വിഷയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ പരാതിയിൽ കഴമ്പുള്ളതാണെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കാനുള്ള നിർദ്ദേശമാണ് നൽകിയത്. ഇതോടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി രണ്ടംഗ അന്വേഷണസമിതിക്ക് രൂപം നൽകിയത്. പീഡനാരോപണത്തിൽ എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന രണ്ടംഗ കമ്മിറ്റി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഇത് പരിഗണിച്ച സെക്രട്ടേറിയറ്റ് പി.കെ ശശിക്കെതിരായ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം പരിഗണിക്കുമോ എന്നതിനെപ്പറ്റി വ്യക്തമായ ധാരണയില്ല.
– അരവിന്ദ് ബാബു