പെരിയയില്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടി; പാർട്ടി പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Jaihind Webdesk
Friday, December 10, 2021

 

കൊച്ചി : പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സിജെഎം കോടതി തളളിയത്. പ്രതികളായ സിപിഎം നേതാക്കൾക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിൻ്റെയും കൃപേഷിൻ്റെയും യാത്ര വിവരങ്ങള്‍ കൈമാറുക, കൊലപാതകം നടത്തിയവർക്ക് ആയുധങ്ങള്‍ സമാഹരിച്ച്‌ നല്‍കുക, പ്രതികൾക്ക് വേണ്ടി വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ നിലവിൽ അറസ്റ്റിലായ അഞ്ച് പ്രതികളും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തടവില്‍ കഴിയേണ്ടതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

കാസര്‍ഗോഡ് പെരിയയില്‍ 2019 ഫെബ്രുവരി 17 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രാദേശിക നേതാക്കള്‍ അടക്കമുളളവരെ സിബിഐ അറസ്റ്റു ചെയ്തത്. സിപിഎമ്മിന്‍റെ കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയായ കെവി കുഞ്ഞിരാമൻ അടക്കമുള്ള ഉന്നത നേതാക്കൾ ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍.

സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്.