തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ ആരോപണങ്ങള്‍ ബൂമറാങ്ങായി തിരിച്ചടിച്ചതിനു പിന്നാലെ വിവാദം അവസാനിപ്പിച്ച് സിപിഎം. സുധാകരനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.
കൊവിഡ് വാർത്താസമ്മേളനത്തില്‍ തെരുവ് ഗുണ്ടയുടെ ഭാഷയിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കെപിസിസി അധ്യക്ഷന്‍ മറുപടി എണ്ണിപ്പറഞ്ഞതോടെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള സിപിഎം നീക്കം തിരിച്ചടിച്ചിരുന്നു. പിണറായിയുടെ നിലയിലേക്ക് തരംതാഴാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍, പിണറായിയുടെ രണ്ടാം അധ്യായം തുറപ്പിക്കാന്‍ അവസരം ഒരുക്കരുതെന്ന ശക്തമായ താക്കീതും നല്‍കി.
വാർത്താസമ്മേളനത്തില്‍ പിണറായി പ്രതിയായ വാടിക്കൽ രാമകൃഷ്ണൻ വധക്കേസിന്‍റെ എഫ്ഐആർ ഉള്‍പ്പെടെ സുധാകരന്‍ ഉയർത്തിക്കാട്ടിയതോടെ പി.ആർ വർക്കില്‍ കെട്ടിപ്പൊക്കിയ പിണറായിയുടെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കാര്യം അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് പിണറായി പൊലീസിൽ പരാതി നൽകിയില്ലെന്നും സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതിവായിക്കണോ എന്നും സുധാകരൻ ചോദിച്ചതോടെ പിണറായിയും സംഘവും വെട്ടിലായി.
‘ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ?’-അദ്ദേഹം പരിഹസിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങളിലും പിണറായി പരിഹാസശരങ്ങളേറ്റുവാങ്ങി.
ഇതിനുപിന്നാലെ പിണറായിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ രാഷ്ട്രീയ അക്രമങ്ങളുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെ പിണറായിയും സംഘവും കൂടുതല്‍ പ്രതിരോധത്തിലാകുകയായിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന്‍റെ ഇരയാണ് താനെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി രംഗത്തെത്തി. പാർട്ടിക്കെതിരെ സംസാരിച്ചെന്നു പറഞ്ഞാണ് തന്നെ അക്രമിച്ചത്. കയ്യും കാലും തല്ലിയൊടിച്ചു , 1986ല്‍ എം വി രാഘവനൊപ്പം സിപിഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി വിജയനാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.