സ്വർണക്കടത്ത് : വിവാദത്തിന് പിന്നാലെ മുഖം രക്ഷിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Jaihind News Bureau
Friday, July 17, 2020

സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ മുഖം രക്ഷിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിലും ശൈലിയിലും, മാറ്റം വരുത്താൻ പാർട്ടി സമ്മർദ്ദം ശക്തമാകുന്നതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.

നാല് വർഷത്തെ പിണറായി ഭരണത്തിൽ ഏറ്റവും വലിയ നാണക്കേടിലാണ് സിപിഎം. മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, യുഎപിഎ വിവാദത്തിലും, സ്പ്രിംങ്ക്ളര്‍ ആക്ഷേപങ്ങളിലും ഇടത് നയം മറന്ന് മുഖ്യമന്ത്രിയെ പിന്തുണച്ച പാർട്ടി, സ്വർണ്ണ കള്ളക്കടത്ത് കേസിൽ എന്ത് നിലപാടെടുക്കും എന്നതാണ് ഇന്നത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നത്.

പ്രസ്താവനകളിൽ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തം. മുന്നണി നയം പോലും കാര്യമാക്കാതെ എം.ശിവശങ്കറിനെ കയറൂരി വിട്ട മുഖ്യമന്ത്രിക്ക് ഒടുവിൽ കിട്ടിയത് കനത്ത തിരിച്ചടിയാണ്. ശിവശങ്കറിന്‍റെ ഇടപെടലുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ.