ആത്മവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്; നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണം

Jaihind News Bureau
Monday, August 19, 2019

നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. നേതാക്കളുടെ പെരുമാറ്റം മാറ്റാതെ ജനങ്ങളോട് അടുക്കാൻ കഴിയില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം നേതൃയോഗത്തിന്‍റേതാണ് വിലയിരുത്തൽ. സെക്രട്ടറിയേറ്റ് യോഗം ഇന്ന് തുടരും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് നേതാക്കളുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വേണമെന്ന വിലയിരുത്തൽ നടത്തിയത്.ജനങ്ങളോട് കൂടുതൽ മാന്യമായി പെരുമാറാൻ നേതാക്കൾ ശ്രമിക്കണം എന്നതാണ് യോഗത്തിന്‍റെ വിലയിരുത്തൽ. എങ്കിൽ നഷടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാകൂ.

പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയണമെന്നും വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനായില്ലെന്നും വിമർശനം ഉർന്നു. ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ക്കും തിരുത്തല്‍ രേഖയ്ക്കും രൂപം നല്‍കലാണ് സി.പി.എം നേതൃയോഗങ്ങളുടെ പ്രധാന അജൻഡ. ഇതിന്‍റെ ആദ്യദിവസത്തെ ചർച്ചയിലാണ് ഇത്തരമൊരു വിമർശനം ഉയർന്നത്.

അവലോകനയോഗങ്ങളിലുംഗൃഹസന്ദര്‍ശനങ്ങളിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും പാർട്ടി തിരുത്തല്‍ നടപടികളിലേക്ക് കടക്കുക. ശബരിമലയില്‍ ഉള്‍പ്പെടെ നയങ്ങളിൽ വീഴ്ച പറ്റിയെന്ന് സി പി എം തുറന്നു പറഞ്ഞു കഴിഞ്ഞു. ഇത് ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതാണ് വെല്ലുവിളി. പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയും പരിശോധിക്കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗങ്ങളിലുണ്ടാകും.മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെ അവലോകനവും യോഗത്തിൽ നടക്കും. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നൊരുക്കങ്ങളും സി പി എം നേതൃയോഗത്തിൽ ചർച്ചയാകും.