തിരുവനന്തപുരം: കാഫിർ വിവാദം തിരിഞ്ഞു കുത്തുന്നതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.
പാർട്ടി സഖാക്കളും പോഷക സംഘടനാനേതാക്കളും സൈബർ പോരാളികളും പ്രതിക്കൂട്ടിലായതോടെ കനത്ത പ്രതിരോധത്തിലാണ് സിപിഎം. വിവാദം തിരിച്ചടിച്ച് പാർട്ടി പ്രതിരോധത്തിലായെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ഇനിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെയും സംരക്ഷിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തുകയാണ്. കാഫിർ വ്യാജ പോസ്റ്റിൽ പാർട്ടി അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യും.