പിണറായിയും കോടിയേരിയും പി ജയരാജന് നല്ല നമസ്കാരം പറയാനുള്ള ഒരുക്കത്തില്‍

സി.പി.എമ്മിന്‍റെ കണ്ണൂരിന്‍റെ മുഖമാണ് പി ജയരാജന്‍ സഖാവ്. പിണറായിക്കും കോടിയേരിക്കുമില്ലാത്ത അണികളുടെ സമ്പൂര്‍ണ പിന്തുണയും പി ജയരാജന് കണ്ണൂരിലുണ്ട്. വ്യക്തിപൂജ എന്ന പേരില്‍ പാര്‍ട്ടിയുടെ നടപടിയും ശാസനയും ഏറ്റുവാങ്ങേണ്ടിയും വന്നു പി ജയരാജന്. കണ്ണൂരിലെ പാര്‍ട്ടിക്കോട്ട ഇപ്പോഴും കാക്കുന്നത് പി ജയരാജന്‍ തന്നെയാണ്. പി ജയരാജനെ സംഘടനാതലത്തില്‍നിന്നും മാറ്റി പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍‌ന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്നാണ് സൂചനകളും നീക്കങ്ങളും.

ജയരാജനെ കണ്ണൂര്‍ ലോക്സഭാമണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ചരടുവലികളാണ് സംസ്ഥാന നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജയരാജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയം ഉറപ്പെന്നാണ് സി.പി.എമ്മിലെ തെരഞ്ഞെടുപ്പ് പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നത്. അങ്ങനെ ജയരാജനെ കണ്ണൂരിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി തങ്ങളുടെ ആധിപത്യം പുനഃസ്ഥാപിക്കാനാണ് പിണറായിയുടേയും കോടിയേരിയുടേയും ശ്രമങ്ങള്‍.

നിലവിലുള്ള എം.പിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ ശ്രീമതിയെ തൊട്ടടുത്ത മണ്ഡലമായ വടകരയിലേക്കയച്ച് പി ജയരാജന്‍റെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പി ജയരാജന് വടകര മണ്ഡലത്തിലും നല്ല സ്ഥാനാര്‍ഥിയായിരിക്കുമെന്ന ഗണിതത്തിലുമാണ് ചില പാര്‍ട്ടി നേതാക്കള്‍. എന്നാല്‍ പി ജയരാജന് എളുപ്പം ജയിച്ചുകയറാന്‍‌ പറ്റുന്ന മണ്ഡലമല്ല, കണ്ണൂരും വടകരയും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കണ്ണൂരും വടകരയും യു.ഡി.എഫിന്‍റെ പ്രവര്‍ത്തനവും ശക്തമാണ്. ഭരണവിരുദ്ധ വികാരവും അക്രമരാഷ്ട്രീയവും ജയരാജന്‍റെ വിജയസാധ്യതയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളാണ്. എന്തായാലും ജയരാജനെ മത്സരിപ്പിച്ച് വെടക്കാക്കി തനിക്കാക്കുക എന്ന സമീപനത്തിലാണ് കോടിയേരിയും പിണറായിയും. അങ്ങനെ പി ജയരാജന്‍റെ പാര്‍ട്ടി അധീശത്വം അവസാനിപ്പിച്ച് നല്ല നമസ്കാരം പറയുക എന്ന സമീപനത്തിലാണ് കണ്ണൂരില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന നേതാക്കള്‍. എന്നാല്‍ ഇത് എത്രത്തോളം വിജയം കാണുമെന്നത് തെരഞ്ഞെടുപ്പ് ചിത്രം കുറച്ചുകൂടി തെളിയുമ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

 

kodiyeri balakrishnanCM Pinarayi Vijayanp jayarajan
Comments (0)
Add Comment