എം സാന്‍ഡ് യൂണിറ്റിന് അനുമതിയില്ല; ആത്മഹത്യയുടെ വക്കില്‍ പ്രവാസി വ്യവസായി

Jaihind Webdesk
Thursday, June 27, 2019

മാനദണ്ഡങ്ങൾ പാലിച്ച് വ്യവസായ മേഖലയിൽ പ്രവാസി നിർമിച്ച എം-സാന്‍ഡ് യൂണിറ്റിന് 4 വർഷമായിട്ടും അനുമതി നൽകാതെ സി.പി.എം ഭരിക്കുന്ന കോഴിക്കോട് കോർപറേഷൻ. സി.പി.എം നേതാക്കളുടേയും, ചില വ്യവസായികളുടേയും ഇടപെടലാണ് അനുമതിക്ക് തടസമെന്ന് വ്യവസായി നൗഷാദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. സി.പി.എം നേതാക്കൾക്ക് 7 ലക്ഷത്തോളം രൂപ കൈക്കൂലിയായും പാർട്ടി ഫണ്ടായും നൽകി കഴിഞ്ഞു. കോടതി ഉത്തരവുമായി കോർപറേഷൻ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ ആന്തൂരിലെ പ്രവാസി സാജനെ പോലെ ആത്മഹത്യ ചെയ്താലും സി.പി.എമ്മിന്‍റെ അനുമതിയില്ലാതെ ലൈസൻസ് അനുവദിക്കില്ലെന്ന് പറഞ്ഞ് നൗഷാദിനെ മടക്കി അയച്ചു. സാജനെ പോലെ ആത്മഹത്യയുടെ വക്കിലാണ് നാഷാദും.

18 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ നൗഷാദ് 4 സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് എം സാന്‍ഡ് ഹോളോബ്രിക് നിർമാണ യൂണിറ്റ് ആരംഭിച്ചത്. കോഴിക്കോട് ചെറുവണ്ണൂരിൽ വ്യവസായ മേഖലയിൽ 4 വർഷം മുമ്പായിരുന്നു യൂണിറ്റിന്‍റെ തുടക്കം. ലൈസൻസിനായി കോർപറേഷനെ സമീപിച്ചെങ്കിലും നിരസിച്ചു. തുടർന്ന് ഹൈക്കോടതിയിലേക്ക്. കോടതി നൗഷാദിന് ഹോളോബ്രിക് യൂണിറ്റിന് അനുമതി നൽകി. ഇതിനിടെ സി.പി.എം നേതാക്കൾ ലൈസൻസ് നേടിത്തരാമെന്ന് പറഞ്ഞ് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്ക് പലരും 7 ലക്ഷം രൂപ വരെ കൈക്കൂലിയായും പാർട്ടി ഫണ്ടായും നൗഷാദിൽ നിന്ന് കൈപ്പറ്റി.

ക്രഷർ യൂണിറ്റിന് ലൈസൻസിനായി നൗഷാദ് വീണ്ടും ഹൈക്കോടതിയിയെ സമീപിച്ചു. ലൈസൻസ് നൽകാൻ കോടതി കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും മൂന്ന് മാസമായിട്ടും നടപടിയുണ്ടായില്ല. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ ദിവസം നൗഷാദ് കോർപറേഷൻ സെക്രട്ടറിയെ സമീപിച്ചെങ്കിലും ഞെട്ടിക്കുന്ന മറുപടിയായിരുന്നു ലഭിച്ചത്.

സി.പി.എമ്മിന്‍റെ എതിർപ്പിനെ തുടർന്ന് സംരംഭം നടക്കില്ലെന്ന് മനസിലായ സുഹൃത്തുക്കൾ നൗഷാദുമായുള്ള കൂട്ടുകച്ചവടം ഉപേക്ഷിച്ചു. മൂന്നരക്കോടി രൂപയുടെ കടത്തിലാണ് താനെന്നും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും ഈ പ്രവാസി നിറകണ്ണുകളോടെ പറയുന്നു.