സി.പി.എം നേതാവിന് ജയിലില്‍ ബീഡി എത്തിച്ചില്ല ; ജയില്‍ ഉദ്യോഗസ്ഥന്‍റെ കൃഷിയിടം വെട്ടിനിരത്തി സി.പി.എമ്മിന്‍റെ പ്രതികാരം

Jaihind Webdesk
Sunday, June 23, 2019

CPM-Kannur Jail

കണ്ണൂർ: കൊലക്കേസ് പ്രതിയായി ജയിലിലുള്ള സി.പി.എം നേതാവിന് ബീഡി എത്തിക്കാന്‍ വിസമ്മതിച്ചതിനാണ് ജയില്‍ ഉദ്യോഗസ്ഥനെതിരെ സി.പി.എമ്മിന്‍റെ പ്രതികാര നടപടി. കണ്ണവം സ്വദേശിയായ ജയില്‍ ഉദ്യോഗസ്ഥന്‍റെ കൃഷിയിടം വെട്ടിനിരത്തിയാണ് സി.പി.എം മുന്നറിയിപ്പ് നല്‍കിയത്.

ബി.ജെ.പി പ്രവർത്തകനായ മഹേഷ് കൊല്ലപ്പെട്ട കേസിലാണ് സി.പി.എമ്മിന്‍റെ മുൻ ലോക്കൽ സെക്രട്ടറി രഞ്ജിത്ത് കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ജയിലിനുള്ളില്‍ നിരോധിച്ചിട്ടുള്ള സാധനങ്ങള്‍ ഇയാള്‍ക്ക് എത്തിക്കാന്‍ വിസമ്മതിച്ചതിനാണ് അസിസ്റ്റന്‍റ് പ്രിസൺ ഓഫീസര്‍ക്ക് സി.പി.എം താക്കീത് നല്‍കിയത്. ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയെങ്കിലും അവസരം ലഭിക്കാത്തതിനാല്‍ പ്രതീകാത്മകമായി വീട്ടുവളപ്പിലെ കൃഷി വെട്ടിനശിപ്പിക്കുകയായിരുന്നു.

കൊലക്കേസ് പ്രതിയായ സി.പി.എം നേതാവ് രഞ്ജിത്തിനെ കാണാനെത്തിയവര്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ സ്വാധീനിച്ച് നിരോധിത സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ ഇതിന് തയാറായില്ല. പൊതി വാങ്ങാന്‍ തയാറാകാതിരുന്ന ജയില്‍ ഓഫീസറോട് പിന്നെ കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇതിനെതുടര്‍ന്നാണ് അർധരാത്രിയോടെ ഉദ്യോഗസ്ഥന്‍റെ വീട്ടുവളപ്പിലെത്തി കൃഷി മുഴുവന്‍ വെട്ടിനിരത്തി താക്കീത് നല്‍കിയത്. ഇതിനെതിരെ  പ്രാദേശിക നേതൃത്വത്തോട് ഉദ്യോഗസ്ഥൻ പരാതിപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.

ഇന്നലെ ജയില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ രഞ്ജിത്തിന്‍റെ കയ്യില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. സി.പി.എമ്മുകാരായ പ്രതികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ സഹായങ്ങള്‍ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ പ്രതികാരനടപടികള്‍ കണ്ണൂരില്‍ പുതിയ സംഭവമല്ല. കൊലപാതകങ്ങള്‍ മുതല്‍ പീഡനാരോപണങ്ങള്‍ വരെയുള്ള വിവിധ വിഷയങ്ങള്‍ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലും അക്രമരാഷ്ട്രീയത്തില്‍ നിന്ന് സി.പി.എം പിന്തിരിയുന്നില്ലെന്ന ഇതിലൂടെ വ്യക്തമാകുന്നത്.