സിപിഎം പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതികാര നടപടി; വിലങ്ങാട് ഹൃദ്രോഗിയായ കട ഉടമസ്ഥന് ലൈസൻസ് പുതുക്കി നൽകിയില്ല; പൊളിച്ചുമാറ്റണമെന്ന് നിർദ്ദേശം

കോഴിക്കോട് വിലങ്ങാട് ഹൃദ്രോഗിയായ കട ഉടമസ്ഥനെതിരെ സിപിഎം പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതികാര നടപടി. കടക്ക് മുന്നിലെ കോൺഗ്രസ് കൊടിമരം നീക്കാത്തതിനെ തുടർന്ന് സി പി എം ഭരിക്കുന്ന നരിപ്പറ്റ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയില്ല. കട പൊളിച്ചു നീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുകയാണ്.

കോഴിക്കോട് വിലങ്ങാട് ഇന്ദിരാ നഗറിൽ തോട്ടുങ്കൽ സിദ്ദിഖ് വർഷങ്ങൾക്കു മുൻപാണ് വീടിനോട് ചേർന്നു കട നിർമ്മിച്ചത്. കടക്കു മുന്നിൽ സ്വന്തം സ്ഥലത്തു 20 വർഷം മുൻപ് സ്ഥാപിച്ച കോൺഗ്രസ് കൊടിമരം മാറ്റാത്തതാണ് സിപിഎം പഞ്ചായത്ത് ഭരണ സമിതിയെ പ്രകോപിപ്പിച്ചത്. കൊടിമരം മാറ്റണമെന്ന സിപിഎം പ്രാദേശിക നേതാവിന്‍റെ ആവശ്യം സിദ്ധിഖ് അംഗീകരിച്ചില്ല. ഇതോടെ കടയുടെ ലൈസെൻസ് പുതുക്കി നൽകാതെ കെട്ടിടം പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകി. ഹൃദ്രോഗിയായ തനിക്കു മറ്റു ജോലികൾക്കൊന്നും പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് സിദ്ദിഖ് പറയുന്നു.

മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, കെട്ടിടത്തിനെതിരെ പരാതി ഉണ്ടെന്നും കാണിച്ചാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്. നേരത്തെ പരിശോധനക്ക് എത്തിയ ഓവർസിയറുടെ നിർദ്ദേശപ്രകാരം കടയുടെ ഒരു ഭാഗം പൊളിച്ച് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കെട്ടിടം പൊളിക്കണം എന്നാവശ്യപ്പെട്ടു പഞ്ചായത്തു അധികൃതർ നോട്ടീസ് നൽകിയത്. പഞ്ചായത്ത് നടപടി ആരംഭിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസിന്‍റെ തീരുമാനം.

https://youtu.be/-6AHY6E3Grw

kozhikodeVilangad
Comments (0)
Add Comment