ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ സർവ്വകലാശാല വിഷയത്തിൽ യൂടേൺ അടിച്ച് സിപിഎം. വിദേശ സർവ്വകലാശാലയ്ക്ക് പരവതാനി വിരിച്ച ബജറ്റ് പ്രഖ്യാപനം സിപിഎമ്മിലും മുന്നണിയിലും കലാപമുയർത്തിയതോടെയാണ് സിപിഎം നിലപാട് മാറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിബി വിഷയം വിശദമായി ചർച്ച ചെയ്യും.
ഇടതുമുന്നണിയും സിപിഎമ്മും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപ മൂലധന നിലപാടുകളിൽ നിന്നും പ്രകടമായി വ്യതിചലിച്ചു കൊണ്ട് ധനമന്ത്രി ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്ക് പരവതാനി വിരിച്ചത് ഏറെ വിവാദമുയർത്തിയിരുന്നു. പ്രകടമായ നയം മാറ്റത്തിലൂടെ വിദേശ സർവ്വകലാശാലകൾക്ക് സർക്കാർ കളമൊരുക്കുന്നത് ഇടതു യുവജന വിദ്യാർത്ഥി സംഘടനകളെ പ്രതിരോധത്തിലാക്കിയിരുന്നു.നയംമാറ്റത്തിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് സിപിഐ സംസ്ഥാന സെക്രട്ടറി സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎം കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയതോടെയാണ് സർക്കാരും പാർട്ടിയും വെട്ടിലായത്.
വിദേശ സർവ്വകലാശാല വിഷയത്തിൽ യൂ ടേൺ അടിച്ച് തുടങ്ങിയതോടെ ഇന്ന് മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയും ഉരുണ്ട് കളിച്ചാണ് ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വിഷയം കൂടുതൽ ചർച്ചയാക്കേണ്ട എന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിശദമായി പിബി വിഷയംചർച്ച ചെയ്തു തീരുമാനമെടുക്കട്ടെ എന്ന ധാരണയാണ് പാർട്ടിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതോടെ വിഷയം ബഡ്ജറ്റിൽ അവതരിപ്പിച്ച ധനകാര്യ മന്ത്രി കൂടുതൽ വെട്ടിലായി.